മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ ഗർഭിണിയായ യുവതിയുടെ ഭ്രൂണത്തിനുള്ളിൽ മറ്റൊരു ഭ്രൂണം. അപൂർവങ്ങളിൽ അപൂർവമായ ഈ അവസ്ഥ 35 ആഴ്ച ഗർഭിണിയായ മുപ്പത്തിരണ്ടുകാരിയിലാണു കണ്ടെത്തിയത്. ഭ്രൂണത്തിനുള്ളിൽ വികലമായ മറ്റൊരു ഭ്രൂണം കണ്ടെത്തുന്ന അവസ്ഥയാണിതെന്നു പറയുന്നു.
പതിവ് പരിശോധനയ്ക്കായി ബുൽദാന ജില്ലാ വനിതാ ആശുപത്രിയിൽ എത്തിയപ്പോഴാണു വൈകല്യം കണ്ടെത്തിയത്. സോണോഗ്രാഫി പരിശോധനയിൽ വൈകല്യം ഡോക്ടർമാർ തിരിച്ചറിയുകയായിരുന്നു. അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഇത്തരം അവസ്ഥയുണ്ടാകൂവെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗർവാൾ പറഞ്ഞു.
ഇന്ത്യയിൽ 10-15 കേസുകൾ ഉൾപ്പെടെ 200 ഓളം കേസുകൾ മാത്രമേ ലോകത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അതും പ്രസവശേഷം- അദ്ദേഹം കൂട്ടിച്ചേർത്തു. യുവതിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിൽ അസാധാരണമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടോയെന്നു ജാഗ്രതയോടെ ശ്രദ്ധിച്ചുവരികയാണ്.
ഏകദേശം 35 ആഴ്ചകൾ പ്രായമായ സാധാരണ വളർച്ചയുള്ള പിണ്ഡത്തിന്റെ വയറ്റിൽ കുറച്ച് എല്ലുകളും ഗർഭപിണ്ഡം പോലെയുള്ളയൊന്നുമുണ്ട്- ഡോക്ടർ പറഞ്ഞു. മികച്ച പരിചരണം ലഭിക്കുന്നതിനായി യുവതിയെ ഛത്രപതി സംഭാജിനഗറിലെ മെഡിക്കൽ കോളജിലേക്കു മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.