കൊളംബോ: ഉദ്യോഗസ്ഥരുടെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് അഞ്ചു മത്സ്യത്തൊഴിലാളികൾക്കു പരിക്കേറ്റതെന്നു ലങ്കൻ നാവികസേനാ തലവൻ വൈസ് അഡ്മിറൽ കാഞ്ചന ബനഗോഡ.
അതിർത്തികടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടിച്ചുകൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
വടക്കൻ ജാഫ്നയിലെ വെൽവെട്ടിത്തുറൈയിൽനിന്നു ജനുവരി 27നാണ് മത്സ്യത്തൊഴിലാളികളെ നാവികസേനാംഗങ്ങൾ ബോട്ടിൽ കയറി പിടിച്ചുകൊണ്ടുപോയത്.
ബോട്ടിൽ കയറിയ നാവികസേനാ ഉദ്യോഗസ്ഥരോടു മത്സ്യത്തൊഴിലാളികൾ തട്ടിക്കയറിയെന്നും ഇതിനിടെ വെടിപൊട്ടിയെന്നുമാണ് കാഞ്ചന ബനഗോഡ പറഞ്ഞത്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ജാഫ്നയിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.