പൂമാല (തൊടുപുഴ): നവജാത ശിശു മരിച്ചത് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയാണെന്ന് തെറ്റിധരിച്ച അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. പൂച്ചപ്ര തെങ്ങുംതോട്ടത്തിൽ അനൂപ്-സ്വപ്ന ദന്പതികളുടെ 33 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്.
വീട്ടിൽവച്ച് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാസം തികയാതെ ജനിച്ച കുഞ്ഞിന് ജനനസമയത്ത് തൂക്കവും വലിപ്പവും കുറവായിരുന്നു.
പ്രസവ ശേഷം അമ്മയും കുഞ്ഞും കൂവക്കണ്ടത്തെ സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നു കരുതി അമ്മ കൈ ഞരന്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മ അപകടനില തരണം ചെയ്തു. അതേ സമയം കുട്ടിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
പാൽ തൊണ്ടയിൽകുടുങ്ങിയല്ല കുട്ടി മരിച്ചതെന്നും ജനനസമയത്തുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.