തിരുവനന്തപുരം: നാളെ പ്രഖ്യാപിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രത്യേക പാക്കേജ് എന്ന ആവശ്യം പരിഗണിക്കുമോ എന്ന ആകാംക്ഷയിൽ കേരളം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും നികുതിയില്‍ ഉണ്ടായ കുറവും മൂലം കേരളത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം, വിഴിഞ്ഞം തുറമുഖം, മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് പരിഹാരം എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക പാക്കേജ് ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.
ജിഎസ്ടി നഷ്ടപരിഹാര വ്യവസ്ഥ തുടരുക, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനായി 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്, മുണ്ടക്കൈ – ചൂരല്‍മലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 2,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിനായി 4,500 കോടി രൂപ, കേരളത്തിന്റെ തീരദേശ ശോഷണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11,650 കോടി രൂപയുടെ സമഗ്ര പദ്ധതി, മനുഷ്യ- മൃഗ സംഘര്‍ഷത്തിന് പരിഹാര പദ്ധതികള്‍ക്കായി 1,000 കോടി രൂപയുടെ പാക്കേജ്, റബറിന് താങ്ങുവില ഉറപ്പാക്കാന്‍ 1,000 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിക്കുക തുടങ്ങിയവയും കേരളത്തിന്റെ ആവശ്യങ്ങളാണ്.