എസ്. ശങ്കർ സംവിധാനം ചെയ്തു രാം ചരണും കിയാര അദ്വാനിയും ജോഡിയായി അഭിനയിച്ച ഗെയിം ചേഞ്ചറിന്റെ ബോക്സ് ഓഫീസ് പരാജയത്തെക്കുറിച്ച് സിനിമയിൽ മറ്റൊരു വേഷത്തിലെത്തിയ നടി അഞ്ജലി. സമീപകാല തമിഴ് ചിത്രമായ മദഗജ രാജയുടെ തെലുങ്ക് റിലീസിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നടി പ്രതികരിച്ചത്. അഭിനേതാക്കൾ തങ്ങളുടെ പരമാവധി നല്കിയ സിനിമകൾ അടയാളപ്പെടുത്താതെ പരാജയപ്പെടുമ്പോൾ അതെങ്ങനെ വേദനിപ്പിക്കുന്നുവെന്നാണ് അഞ്ജലി വ്യക്തമാക്കിയത്. പ്രസ് മീറ്റിൽ ഗെയിം ചേഞ്ചറിന്റെ പരാജയം സംബന്ധിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ഉത്തരമായി അഞ്ജലി പറഞ്ഞു:
‘ഒരു അഭിനേതാവ് എന്ന നിലയിൽ എന്റെ കഥാപാത്രത്തെ ഞാൻ എത്ര നന്നായി അവതരിപ്പിച്ചു എന്നതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമേ ഏറ്റെടുക്കാൻ കഴിയൂ. ഒരു സിനിമ ബോക്സോഫീസിൽ വിജയിക്കണം എന്നതാണ് പ്രമോഷന് ചെയ്യുമ്പോള്‍ അടക്കം ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാൽ അതിനപ്പുറം, ഗെയിം ചേഞ്ചറിന് എന്ത് പറ്റി എന്ന് സംസാരിക്കാൻ കൂടുതൽ സമയം ആവശ്യമാണ്.
ഞാൻ എന്തിനാണ് അങ്ങനെ പറയുന്നതെന്ന് എല്ലാവർക്കും അറിയാം. സിനിമ പൈറസിയുടെ ഇരയായി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഓൺലൈനിൽ ചോർന്നു. നിങ്ങൾ വ്യക്തിപരമായി വിശ്വസിക്കുകയും ഞങ്ങളുടെ മുഴുവന്‍ കഴിവ് നല്‍കുകയും ചെയ്യുന്ന ചില സിനിമകളുണ്ട്. ഞാൻ എന്റെ 200 ശതമാനം ഗെയിം ചേഞ്ചറിന് നൽകി. ചിത്രം കണ്ടിട്ട് എന്നോടു സംസാരിച്ച ഒരു പ്രേക്ഷകനും സിനിമ മോശമാണെന്നു പറഞ്ഞില്ല എന്നതില്‍ എനിക്ക് സന്തോഷം തോന്നുന്നു.
നല്ല സിനിമ എന്നാണ് എല്ലാവരും ഇതിനെ വിശേഷിപ്പിച്ചത്.അവർ എന്റെ പ്രകടനത്തെ അഭിനന്ദിച്ചു, അതിനാല്‍ തന്നെ ചിത്രത്തിനു ലഭിക്കുന്ന തിരിച്ചടി എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. സിനിമയിൽ എന്താണ് തെറ്റ് സംഭവിച്ചതെന്ന് വിശകലനം ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണ്- അഞ്ജലി പറഞ്ഞു.
വന്‍ ബോക്സോഫീസ് വിജയം പ്രതീക്ഷിച്ച വന്പന് ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ വന്‍ പരാജയമാകുന്ന കാഴ്ച കണ്ടാണ് 2025 ബോക്സോഫീസ് ആരംഭിച്ചത്. ഒരു ബ്ലോക്ക്ബസ്റ്ററിന്റെ എല്ലാ ഘടകങ്ങളും ഉണ്ടായിരുന്നിട്ടും വൻ ബോക്സോഫീസ് പരാജയമായി മാറിയിരിക്കുകയാണ് ജനുവരി പത്തിനിറങ്ങിയ, ശങ്കര്‍ ആദ്യമായി തെലുങ്കിൽ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ.