കൊച്ചി/പറവൂർ: വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കേരളത്തിലെത്തിയ 27 ബംഗ്ലാദേശികള്‍ പിടിയില്‍. എറണാകുളം വടക്കന്‍ പറവൂർ മന്നത്തുനിന്നാണ് ഇവര്‍ പിടിയിലായത്. ഇവിടത്തെ ഒരു വീട്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
എറണാകുളം റൂറല്‍ പോലീസും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായുള്ള റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേനയായിരുന്നു താമസം. പലര്‍ക്കും മതിയായ രേഖകള്‍ ഇല്ലായിരുന്നു.2024 ഫെബ്രുവരി മുതൽ ഇവിടെ താമസിക്കുന്നവരാണ് പലരും. ഇന്ന് പുലർച്ചെ ഒരു മണിയോടെ പറവൂർ,വരാപ്പുഴ, പുത്തൻവേലിക്ക പോലീസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന.
സെയ്ദ് മുഹമ്മദ് എന്ന എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുത്ത ഹർഷാദ് ഹുസൈൻ എന്നയാൾ ഇവരെ ഇവിടെ താമസിപ്പിച്ചിരിക്കുകയായിരുന്നു.കൂലിവേല മുതൽ കെട്ടിട നിർമാണം ഉൾപ്പെടെ വിദഗ്ധ തൊഴിലിൽ ഏർപ്പിട്ടിരുന്നവരാണ് കസ്റ്റഡിയിലുള്ളവരിൽ എല്ലാവരും. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
15ന് പെരുമ്പാവൂർ ബംഗാൾ കോളനിയിൽനിന്നും തസ്ലീമ ബീഗമെന്ന യുവതിയേയാണ് ആദ്യം പിടികൂടിയത്. തുടർന്ന് അങ്കമാലിയിൽനിന്ന് ഹൊസൈൻ ബെലോർ, എടത്തലയിൽനിന്ന് മുഹമ്മദ് ലിട്ടൻ അലി, മുഹമ്മദ് ബപ്പി ഷോ, പെരുമ്പാവൂരിൽനിന്ന് മുഹമ്മദ് അമീൻ ഉദ്ദീൻ എന്നിവരെയാണ് ജനുവരിയിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം കോടനാട് നിന്നും രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബരിസാൽ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുൽസും അക്തർ (23) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം പിടിക്കൂടിയത്. ഒരു വർഷമായി രണ്ട് പേരും കേരളത്തിലുണ്ടായിരുന്നു.
അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെനിന്ന് ഏജന്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികൾക്ക് ഇവിടെ സഹായം ചെയ്തവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് ഇക്കൂട്ടർ വ്യാജ രേഖകളുമായി എത്തിയതായി അറിയുന്നു. ഇപ്പോൾ പിടിയിലായവർക്കു പുറമെ നിരവധിപ്പേർ കേരളത്തിലടക്കം എത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്.