മുംബൈ: ആഭ്യന്തര ക്രിക്കറ്റിലൂടെ ബാറ്റിംഗ് ഫോം വീണ്ടെടുക്കാനുള്ള ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയുടെ ശ്രമത്തിനു തിരിച്ചടി. കോഹ്ലി ആറു റൺസുമായി മടങ്ങി.
രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഡല്‍ഹിക്ക് 78 റൺസെടുത്തപ്പോഴേക്കും യാഷ് ദുള്ളിനെ (32) നഷ്ടമായി. ഇതോടെ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. 13 വര്‍ഷത്തിനുശേഷം രഞ്ജി കുപ്പായത്തിലിറങ്ങിയ കോഹ്ലി ക്രീസിൽ.
കിംഗിന്റെ ബാറ്റിംഗ് കാണാനായി ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ ആവേശത്തിരയിലാഴ്ത്തി ബൗണ്ടറിയോടെയാണ് താരം ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ സ്കോർ 86 റൺസിൽ നില്‍ക്കെ, 15 പന്തിൽ ആറു റൺസുമായി കോഹ്ലി മടങ്ങി. ഹിമാൻഷു സാംഗ്വാന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു.
പിന്നാലെ സനത് സാംഗ്വാനും (30) മടങ്ങിയതോടെ ഡൽഹി നാലിന് 97 റൺസെന്ന നിലയിൽ പരുങ്ങലിലായി. തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ആയുഷ് ബദോനിയും സുമിത് മാഥുറും ചേർന്ന് സ്കോർ മുന്നോട്ടു കൊണ്ടുപോയി.
റെയില്‍വേസിനായി ഹിമാൻഷു സാംഗ്വാൻ രണ്ടുവിക്കറ്റും കുനാൽ യാദവ്, ആർ. ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.