മനുഷ്യൻ ഉണ്ടായ കാലത്തു തന്നെ അവന്റെ ഉള്ളിൽ വിശ്വാസവും അന്ധവിശ്വാസവുമെല്ലാം ഉടലെടുത്തതാണ്. മിക്ക ആളുകളും ജ്യോതിഷത്തിൽ ഇന്നും അമിതമായി വിശ്വാസം പുലർത്തുന്നു. മനുഷ്യനെ ഏറ്റവും കൂടുതൽ പറ്റിക്കാൻ സാധിക്കുന്നതും ഇത്തരം അന്ധ വിശ്വാസങ്ങളിലാണ്.
ഓൺലൈനായി പോലും ആളുകൾ ഇന്ന് ജ്യോതിഷ സഹായം തേടുന്നുണ്ട്. പണ്ട് കാലത്തൊക്കെ ജോത്സ്യൻ കവടി നിരത്തി ഭാവി പറയുന്നതിൽ നിന്നെല്ലാം കാലം മാറിയപ്പോൾ ജോത്സ്യൻമാരുടെ ജോലി കംപ്യൂട്ടറുകൾ ഏറ്റെടുത്തു. നൂറുകണക്കിന് ജ്യോതിഷ ആപ്പുകളും സൈറ്റുകളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ ആധികാരികത പലപ്പോഴും ചോദ്യം ചെയ്യപ്പെടാറില്ലെന്നതാണ് വസ്തുത.
ഇപ്പോഴിതാ ജ്യോതിഷ ആപ്പുകൾക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. പർപ്പിൾ റീഡി’ എന്ന എക്സ് ഉപയോക്താവ് ആണ് ഇതിനെതിരേ രംഗത്തെത്തിയത്. അവർ എക്സിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ഞാൻ ഹൈപ്പിന് വഴങ്ങി ആസ്ട്രോടോക്ക് എന്ന ആപ്ലിക്കേഷൻ ഇന്‍സ്റ്റാൾ ചെയ്തു. സൈൻ അപ്പ് ചെയ്ത ശേഷം 10 മിനിറ്റ് സൗജന്യ ചാറ്റ് ലഭിച്ചു.അപ്പോഴാണ് ഞാൻ അവരോട് ഏതു പ്രായത്തിൽ വിവാഹം കഴിക്കുമെന്ന് ചോദിച്ചത്. മൂന്ന് വർഷത്തിന് ശേഷമെന്നായിരുന്നു അവരുടെ ഉത്തരം. പക്ഷേ, ഞാന്‍ വിവാഹിതയാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചാറ്റ് അവസാനിപ്പിച്ചു. ഇപ്പോൾ തനിക്ക് അവസാനത്തെ 5 മിനിറ്റ് സൗജന്യ ഉപയോഗം നഷ്ടപ്പെട്ടെന്നും’ യുവതി കുറിച്ചു. യുവതിയുടെ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
എന്തായാലും സോഷ്യൽ മീഡിയയിൽ യുവതിയുടെ ചാറ്റിന്റെ ചൂടൻ ചർച്ചകളാണ് നടക്കുന്നത്. പോസ്റ്റ് നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലാവുകയും ചെയ്തു.