കോഴിക്കോട്: തനിക്കെതിരേ നടി ഹണി റോസ് നിരന്തരം വ്യാജപരാതി നല്കുന്ന സാഹചര്യത്തില്‍ പത്തു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്ന് രാഹുല്‍ ഈശ്വര്‍. നീതികിട്ടാനായി കോടതിയെയും പോലീസ് സ്റ്റേഷനെയും സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടിത കുറ്റകൃത്യമെന്ന ഹണിയുടെ പരാമര്‍ശം തികച്ചും അപകീര്‍ത്തികരമാണ്.
ഹൈക്കോടതിയില്‍ എല്ലാ കാര്യങ്ങളും തീര്പ്പായശേഷമാണ് പുതിയ പരാതിയുമായി ഹണി റോസ് എത്തിയത്. പോലീസ് കഴമ്പില്ലെന്നു പറഞ്ഞ വിഷയത്തിലാണ് വീണ്ടും പരാതി. ഐടി ആക്ട് പ്രകാരമാണ് തനിക്കെതിരേ കേസെടുത്തത്. നിയമം കണ്മുമ്പില് ദുരുപയോഗം ചെയ്യുന്ന സാഹചര്യമാണ് ഇവിടെ.
പരാതി നല്കിയാല് പോലീസും മാധ്യമങ്ങളും ഇതു കൈകാര്യം ചെയ്യുമെന്ന് കരുതി സുഖമായി ഇരിക്കാമെന്ന് കരുതേണ്ട. ഹണി റോസിനെതിരേ നിയമവഴിയില്‍ ഏതറ്റം വരെയും പോകും. താന്‍ ഒറ്റയ്ക്ക് കോടതിയില്‍ കേസ് വാദിക്കും. വ്യാജ പരാതി നല്കിയാലുള്ള ബുദ്ധിമുട്ട് എന്താണെന്നു ഹണി റോസിനു മനസിലാക്കുന്ന അവസ്ഥയുണ്ടാകും.
സംഘടിത കുറ്റകൃത്യമാണ് താന്‍ നടത്തിയതെന്താണ് ഹണി റോസിന്റെ ആരോപണം. ഇതു തികച്ചും അടിസ്ഥാന രഹിതമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സംസ്ഥാനത്ത് വനിതാ കമ്മീഷന് പോലെ പുരുഷ കമ്മീഷന് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച സ്വകാര്യ ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. എല്‍ദോസ് എം എല്‍ എ ബില്‍ അവതരിപ്പിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സ്വീക്കറുടെ അനുമതി കിട്ടുന്ന മുറയ്ക്ക് ബില്‍ അവതരിപ്പിക്കും. കോടതി കേസ് തീര്‍പ്പാക്കുന്നതിന് മുമ്പ് ഒരു പുരുഷനെയും വേട്ടക്കാരനെന്ന് മുദ്ര കുത്തരുതെന്ന് അദ്ദേഹം പറഞ്ഞു.