കൊച്ചി: പശ്ചിമകൊച്ചിയില്നിന്നു ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ മഹാരാഷ്ട്ര പൂനെ സ്വദേശി അയിഷ ഗഫാര്‍ സെയ്തിന് ലഹരി മരുന്ന് എത്തിച്ചു നല്‍കിയവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇവരുടെ പങ്കാളി മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീഖുമായി ചേര്‍ന്ന് മട്ടാഞ്ചേരിയിലെ ഒരു ഹോട്ടലില്‍ ലഹരി ഇടപാട് നടത്തി വരുന്നതിനിടെയാണ് ഇവരടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചിയിലടക്കം ലഹരി വില്‍പ്പന നടത്തിയിരുന്ന ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്കിയവരെയാണ് ഇനി പിടികൂടാനുള്ളത്. പൂനെ സ്വദേശിനി അയിഷ എന്തിന് കേരളത്തിലെത്തി. റിഫാസുമായി ബന്ധപ്പെട്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളിലടക്കം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. നാല് കേസുകളിലായാണ് ആറ് പേര് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് കേസുകളും ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി സ്റ്റേഷന് പരിധിയില്‍ ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊച്ചി സിറ്റി ഡാന്‍സാഫുമായി ചേര്‍ന്നാണ് പരിശോധന നടത്തിയത്. മട്ടാഞ്ചേരിയിലെ ഒരു പ്രമുഖ ഹോട്ടലിലും പനയപ്പിള്ളി അയ്യന് മാസ്റ്റര്‍ ലൈനിലുമുള്ള വീട്ടിലുമാണ് പരിശോധന നടത്തിയത്.
ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് റിഫാസ് റഫീക്ക്(27), മഹാരാഷ്ട്ര പൂനെ സ്വദേശി അയിഷ ഗഫാര്‍ സെയ്ത് (39) എന്നിവര്‍ അറസ്റ്റിലായത്. ഇവരില്‍നിന്ന് 15 ലക്ഷം രൂപയോളം വില വരുന്ന 300ഗ്രാം എംഡിഎംയും 6.8 ഗ്രാം കഞ്ചാവും മൂന്ന് ലക്ഷത്തിനടുത്ത് രൂപയും കണ്ടെടുത്തു. അയ്യന് മാസ്റ്റര്‍ ലൈനിലുള്ള വീട്ടില്‍നിന്നും മട്ടാഞ്ചേരി സ്വദേശികളായ സജീര്‍ (28), അദിനാന് സവാദ് (22) എന്നിവരെയാണ് പിടി കൂടിയത്. ഇവരില്‍നിന്നു 29ഗ്രാം എംഡിഎംഎയും ഒമ്പത് ഗ്രാം ഹാഷിഷ് ഓയിലും നാല് ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു. ഫോര്‍ട്ട്കൊച്ചി ദ്രോണാചാര്യക്ക് സമീപത്തെ വീട്ടില്‍നിന്നു മട്ടാഞ്ചേരി സ്വദേശികളായ ഷഞ്ജല്‍ (34), ഇയാള്‍ക്ക് ലഹരി വിതരണം ചെയ്തിരുന്ന മുഹമ്മദ് അജ്മല്‍ (28) എന്നയാളേയും പിടികൂടി. ഇവരില്‍നിന്ന് 13.91 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പള്ളുരുത്തി വെളി ഭാഗത്ത് ബാദുഷ എന്നയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ 100 ഗ്രാം എംഡിഎംഎ പിടികൂടി.