ഡയറ്റ് ചെയ്യുന്നവർ കൃത്യമായ ഭക്ഷണക്രമമായിരിക്കും പൊതുവേ പാലിക്കാറുള്ളത്. അത്തരക്കാർ കഴിക്കുന്ന പ്രധാന സ്നാക്ക് ആണ് മഖാന. ഫോക്സ് നട്ട്സ് എന്നും താമരവിത്ത് എന്നെല്ലാം അറിയപ്പെടുന്ന മഖാന ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിൽ സുലഭമാണ്.
വെളുത്ത സ്പോഞ്ച് പോലെയാണ് ഷേപ്പ് എങ്കിലും മഖാനയിൽ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മഖാനയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ അത് ആരും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കില്ല എന്നത് ഉറപ്പാണ്.
എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മഖാന ഏറെ സഹായിക്കും. അതോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നവുമാണ്.
മഖാനയ്ക്ക് കലോറി വളരെ കുറവാണ് എന്നതാണ് മറ്റൊരു ഗുണം. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതിനാൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാം.
ഗ്ലൂട്ടാമൈൻ, സിസ്റ്റൈൻ, അർജിനൈൻ, മെഥിയോണിൻ എന്നിവയുൾപ്പെടെ നിരവധി അമിനോ ആസിഡുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മഖാന കഴിക്കുന്നത് ചര്‍മ്മത്തിന് ഏറെ സഹായകരമാണ്.