ന്യൂഡൽഹി: യുഎസ് ഡോളറിന് പകരം ബദൽ കറൻസി സ്ഥാപിക്കാൻ ശ്രമിച്ചാൽ ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് ബ്ലോക്കിലെ രാജ്യങ്ങൾക്കെതിരേ 100 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഡോളറിന് പകരമായി നിലവിലെ ഏതെങ്കിലും കറൻസിയെ ഉയർത്തിക്കൊണ്ടുവരികയോ ബ്രിക്സ് കറൻസി ഉണ്ടാക്കുകയോ ചെയ്യണമെന്നു ബ്രിക്സ് രാജ്യങ്ങളിൽ ചിലർ ഏതാനും വർഷങ്ങളായി ആവശ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അതേസമയം, സ്വന്തം കറൻസി കൊണ്ടുവരാൻ പദ്ധതിയില്ലെന്നും ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ചുള്ള പൊതുനിക്ഷേപ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും റഷ്യ ഇന്നലെ വ്യക്തമാക്കി. ഡോളറിന് പകരം മറ്റൊരു കറൻസി സ്വീകരിക്കാൻ ആലോചിക്കുന്നില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.