വിവാഹത്തിന് ഡാൻസ് ചെയ്യുക എന്നത് ഇപ്പോൾ ഒരു പതിവാണ്. എന്നാൽ സ്വന്തം കല്യാണത്തിന് നൃത്തം ചെയ്ത് മുട്ടൻ പണി വാങ്ങിയിരിക്കുകയാണ് യുവാവ്. ന്യൂഡൽഹിയിലെ കല്യാണ വേദിയിലേക്ക് വരനും സുഹൃത്തുക്കളും ഘോഷയാത്രയായി എത്തി. വരനേയും കൂട്ടരേയും വരവേൽക്കാൻ മേമ്പൊടിക്ക് ചോളി കെ പീച്ചേ ക്യാ ഹേ എന്ന പാട്ട് കൂടി ആയപ്പോൾ സംഗതി തീർത്തും കളറായി.
പാട്ട് കേട്ടതോടെ വരന്റെ കൂട്ടുകാരെല്ലാം ഡാൻസ് ചെയ്തു. അത് ആസ്വദിച്ച് നിന്ന വരനെ കൂട്ടുകാർ വെറുതെ കയ്യടിച്ച് നിൽക്കാൻ അനുവദിക്കാതെ തങ്ങളുടെ കൂടെ ഡാൻസ് ചെയ്യാൻ നിർബന്ധിച്ചു. കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വരൻ അവരോടൊപ്പം ഡാൻസ് ചെയ്ത് വേദിയിലേക്ക് പ്രവേശിച്ചു. എന്നാൽ ഇത് കണ്ടു നിന്ന വധുവിന്റെ അച്ഛന് അത്ര രസിച്ചില്ല.
കല്യാണത്തിന് അനുചിതമായ പ്രകടനമാണ് വരൻ ചെയ്യുന്നത് എന്ന പറഞ്ഞ് പ്രകോപിതനായ അദ്ദേഹംകല്യാണച്ചടങ്ങുകള് നിർത്തിവച്ചു. വരന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞ് അവിടെനിന്നും വധുവിന്റെ പിതാവ് ഇറങ്ങിപ്പോവുകയും ചെയ്തു.