മത്സ്യകന്യകമാർ എന്നും നമുക്ക് ഒരു കൗതുക കാഴ്ചതന്നെയാണ്. കഥകളിൽ മാത്രം കേട്ടിട്ടുള്ളവരാണ് മത്സ്യ കന്യകമാർ. അങ്ങനെ ഒരാൾ ഉണ്ടോ എന്നു പോലും സംശയമാണ്. മറൈൻ എക്സിബിഷൻ ഒരുക്കുന്ന സമയങ്ങളിൽ ചിലപ്പോൾ മത്സ്യകന്യകയുടെ വേഷമണിഞ്ഞ് ആളുകൾ കാണികളെ രസിപ്പിക്കാൻ എത്താറുണ്ട്.
ഇപ്പോഴിതാ അക്വേറിയത്തിൽ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെ യുവതി നേരിട്ട ഭീകരാനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഷിഷുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്കിലാണ് ഈ ഭയാനകമായ സംഭവം നടന്നത്.
മത്സ്യകന്യകയായി അക്വേറിയത്തിനുള്ളിൽ പ്രകടനം നടത്തിക്കൊണ്ടിരുന്ന 22 കാരിയായ മാഷാ എന്ന റഷ്യൻ കലാകാരിക്ക് നേരേ അക്വേറിയത്തില്‍ തന്നെ ഉണ്ടായിരുന്ന സ്രാവ് ആക്രമണം നടത്തുകയായിരുന്നു. യുവതിയുടെ തലയിലാണ് മത്സ്യം കടിച്ചത്. ഭാഗ്യവശാൽ അതിവേഗത്തിൽ മാഷയ്ക്ക് കുതറി മാറാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സുരാക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ കലാകാരെ ഇത്തരം വേഷം കെട്ടിക്കുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പലരും കുറിച്ചത്.