കോൽക്കത്ത: ഭർത്താവിന്റെ വൃക്ക വിറ്റു കിട്ടിയ പത്തുലക്ഷം രൂപ കൈക്കലാക്കിയതിനുശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിൽപ്പെട്ട സാൻക്രെയ്ലിലാണ് നാടിനെ നടുക്കിയ കൊടുംചതി നടന്നത്.
കുടുംബത്തിലെ പ്രാരാബ്ദങ്ങള്‍ മാറാൻ വൃക്ക വില്‍ക്കാമെന്ന് ഭർത്താവിനെ ഉപദേശിച്ചതു യുവതിയാണ്. മകളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ചെലവ് അതിലൂടെ നികത്താമെന്നും ഭർത്താവിനെ ബോധ്യപ്പെടുത്തി.
മാസങ്ങളോളം നീണ്ട തെരച്ചിലിനുശേഷം ഭർത്താവിന്റെ രക്തഗ്രൂപ്പിന് അനുയോജ്യമായ സ്വീകർത്താവിനെ യുവതിതന്നെ കണ്ടെത്തി. തുടർന്ന് മൂന്നു മാസം മുന്‍പ് ശസ്ത്രക്രിയ നടത്തി വൃക്ക നല്കി. പ്രതിഫലമായി 10 ലക്ഷം രൂപയും ലഭിച്ചു. എന്നാല്‍ വൃക്ക വിറ്റു പണം സന്പാദിക്കാൻ ഭർത്താവിനെ പ്രേരിപ്പിച്ചതിനു പിന്നില്‍ ഭാര്യയുടെ കുബുദ്ധിയായിരുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പശ്ചിമബംഗാളിലെതന്നെ ബാരക്പുർ സ്വദേശിയായ രവിദാസ് എന്നയാള്‍ക്കൊപ്പം ജീവിക്കാൻ പണം സന്പാദിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.
ശസ്ത്രക്രിയയ്ക്കു പിന്നാലെ പണം കിട്ടിയതോടെ തന്ത്രപൂർവം അതു കൈക്കലാക്കി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് പോലീസിൽ പരാതി നൽകി.