അടൂര്‍: തെങ്ങമത്ത് കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ക്കു നേരെ 12 അംഗ സംഘത്തിന്റെ ക്രൂര ആക്രമണം. തെങ്ങമം ഹരിശ്രീയില്‍ അഭിരാജ് (29), യമുന ഭവനത്തില്‍ വിഷ്ണു മോഹനന് (28) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി എട്ടരയോടെ നടന്ന സംഘട്ടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
തെങ്ങമം പെട്രോള്‍ പമ്പിനു സമീപം നാല് ബൈക്കുകളിലായി ഇരുന്ന 12 അംഗ സംഘം അഭിരാജും വിഷ്ണുവുമായി വാക്കുതര്‍ക്കം ഉണ്ടാക്കിയിരുന്നു.അഭിരാജും വിഷ്ണുവും മേക്കുമുകള് പമ്പിനു സമീപത്തെ എംഎം കഫേയില്‍ ചായ കുടിക്കാന്‍ കയറിയപ്പോൾ പിന്നാലെ കടയിലെത്തിയ സംഘം ഇവർക്കുനേരേ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. സിനിമാ സ്റ്റൈലിലാണ് ആക്രമണം നടന്നിരിക്കുന്നത്.
കടയിലുണ്ടായിരുന്ന സാധനങ്ങളെടുത്തും യുവാക്കളെ മര്‍ദിച്ചു. അഭിരാജിനും വിഷ്ണു മോഹനും തലയിലും ദേഹത്തും പരിക്കേറ്റു. മദ്യലഹരിയിലായിരുന്നു അക്രമികളെന്ന് സംശയിക്കുന്നു. പരിക്കേറ്റ വിഷ്ണുവും അഭിരാജും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് കേസെടുത്തു.