വാഷിംഗ്ടൺ ഡിസി: കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്കെതിരേ കനത്ത തീരുവ ചുമത്തിയതിനു പിന്നാലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെതിരേയും തീരുവ ചുമത്തുമെന്നു സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുഎസിന്റെ തീരുവയുദ്ധത്തിന്റെ ആഘാതം ലോക ഓഹരിവിപണിയെ ബാധിച്ചു. ഏഷ്യൻ ഓഹരി വിപണികളിലും ഇന്ന് ഇടിവുനേരിട്ടു. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്നു മാത്രം 53 പൈസയുടെ ഇടിവാണു നേരിട്ടത്.
എന്നാൽ, ട്രംപ് തീരുവ ചുമത്തിയാൽ തിരിച്ചടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ചർച്ചകളിലൂടെ വ്യാപാരസംഘർഷം ഒഴിവാക്കാമെന്ന് പ്രതീക്ഷിക്കുന്നതായും യൂറോപ്യൻ യൂണിയൻ. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്കേതിരേ കനത്ത തീരുവ ചുമത്താനുള്ള തീരുമാനങ്ങളിൽ ഖേദിക്കുന്നതായി യൂറോപ്യൻ യൂണിൻ വക്താവ് അറിയിച്ചു.
2018ൽ തന്റെ ആദ്യ ഭരണകാലത്തും ട്രംപ് തീരുവ വർധിക്കുന്ന നടപടികൾ സ്വീകരിച്ചിരുന്നു. അതേസമയം, കനേഡിയൻ ഉത്പന്നങ്ങൾക്ക് യുഎസ് ഭരണകൂടം 25 ശതമാനം കനത്ത തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെ തദ്ദേശനിർമിത ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ജസ്റ്റിൻ ട്രൂഡോ. എക്സിലൂടെയാണ് കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ ഇക്കാര്യം അറിയിച്ചത്.
നമുക്കു നമ്മുടെ പങ്ക് ചെയ്യാമെന്നും കഴിയുന്നിടത്തെല്ലാം കനേഡിയൻ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കണമെന്നും എക്സിൽ ട്രൂഡോ കുറിച്ചു. അമേരിക്കയിൽനിന്നുള്ള നൂറുകണക്കിന് ഉത്പന്നങ്ങൾക്ക് കാനഡ 25 ശതമാനം കൗണ്ടർ താരിഫ് ചുമത്തിയിട്ടുമുണ്ട്. ശനിയാഴ്ചയാണ് കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനവും താരിഫ് ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചത്.
നിയമവിരുദ്ധ കുടിയേറ്റവും മയക്കുമരുന്നു കടത്തും പരിഹരിക്കുന്നതിന് ഈ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള നടപടിയാണിതെന്ന് ട്രംപ് അവകാശപ്പെടുന്നു. ട്രംപിന്റെ നീക്കത്തിനെതിരേ ട്രൂഡോ ഭരണകൂടം വേഗത്തിൽ പ്രതികാര താരിഫുകൾ ഏർപ്പെടുത്തി പ്രതികരിക്കുകയും വടക്കേ അമേരിക്കൻ രാജ്യങ്ങൾക്കിടയിൽ വ്യാപാരയുദ്ധത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്തു. മെക്സിക്കോയും യുഎസ് സാധനങ്ങൾക്കു പ്രതികാര താരിഫുകൾ ഏർപ്പെടുത്തി.