വിവാഹാഭ്യർഥനകൾ പലവിധമുണ്ട്. ചിലരാകട്ടെ തന്റെ കാമുകിയെ കൂട്ടി വലിയ മാളുകളിൽ പോയി ഡാൻസ് പാർട്ടിയൊക്കെ നടത്തി സർപ്രൈസ് കൊടുക്കാറുണ്ട്. മറ്റു ചിലർ പ്രണയിനിയെ കൂട്ടി ജ്യൂസ് പാർലറിൽ എത്തി അവൾക്കിഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്ത് അതിനുള്ളിൽ മോതിരം ഒളിപ്പിച്ച് വച്ച് അവൾ അത് കണ്ടുപിടിക്കുന്പോൾ പ്രൊപോസ് ചെയ്യാറുമുണ്ട്. അതൊക്കെ ഓരോ കാലഘട്ടമാകുന്പോഴും വ്യത്യാസം വന്നുകൊണ്ടിരിക്കും. അത്തരത്തിലൊരു കല്യാണ പ്രൊപോസൽ സീനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലാണ് സംഭവം.
തന്റെ കാമുകിയെ പ്രൊപോസ് ചെയ്യുന്നതിനായി യുവാവ് കേക്കിനുള്ളിൽ മോതിരം വയ്ക്കാംഎന്ന് തീരുമാനിച്ചു. അതിനായ് അയാൾ ഒരു കേക്ക് തന്നെ ബേക്ക് ചെയ്തു. കാമുകി യുവാവ് താമസിക്കുന്ന അപ്പാർട്മെന്റിൽ എത്തിയപ്പോൾ അവൾക്ക് കേക്ക് കഴിക്കാനായി നൽകി. കേക്കിൽ ഒരു മോതിരവും സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
ആസ്വദിച്ച് രുചിയോടെ കേക്ക് കഴിച്ച യുവതി പെട്ടെന്ന് എന്തോ കട്ടിയായ വസ്തു പല്ലിൽ ഉടക്കിയന്ന് തോന്നി. അവൾ ഒട്ടും അമാന്തിച്ചില്ല. അത് കടിച്ച് പൊട്ടിച്ച് ചവയ്ക്കാൻ തുടങ്ങി. അവളുടെ എക്സ്പ്രഷൻ കണ്ട് കാമുകൻ കാര്യം തിരക്കിയപ്പോഴാണ് തന്റെ മോതിരമാണ് അവൾ ചവച്ച് അരക്കുന്നതെന്ന് മനസിലായത്. ചവയ്ക്കാൻ സാധിക്കാത്തതിനാൽ അവളത് തുപ്പിക്കളഞ്ഞു.
യുവാവ് ഓടിച്ചെന്ന് അത് എടുത്ത് കാമുകിയെ കാണിച്ച് കൊടുത്തു. തന്റെ പ്രണയ സമ്മാനമാണ് ആ ചവച്ചരച്ച് കളഞ്ഞതെന്ന് അവൻ വിഷമത്തോടെ അവളെക്കാണിച്ചു കൊടുത്തു. അവളും അത് കേട്ട് ഞെട്ടിപ്പോയി. എന്തായാലും മോതിരം രണ്ട് കഷ്ണമായതുകൊണ്ട് പ്രൊപോസൽ പിന്നീട് നടത്താമെന്ന് യുവാവ് അതോടെ തീരുമാനിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ ചിരി പടർത്തി.