കണ്ണൂർ: പാർടൈം ജോലി വാഗ്ദാനം ചെയ്ത് 84 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. ചക്കരക്കല്ല് സ്വദേശിനിയായ 57 കാരിയുടെ പരാതിയിലാണ് കണ്ണൂർ സൈബർ പോലീസ് കേസെടുത്തത്. 2024 ജൂലൈ മാസത്തിലാണ് തട്ടിപ്പിന് തുടക്കമായത്.
പാർട് ടൈം ജോബുമായി ബന്ധപ്പെട്ട് വാട്സാപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അവർ പറഞ്ഞ ഫോം പൂരിപ്പിച്ച് നൽകുകയായിരുന്നു. ജോബിന് സെലക്ഷൻ കിട്ടാൻ മൂന്ന് ടാസ്കുകൾ നൽകുകയും ചെയ്തു. ഇതിൽ വിജയിച്ച യുവതിക്ക് ചെറിയ തുക അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു.
കൂടുതൽ ടാസ്കുകൾ ചെയ്യാൻ ആദ്യം പണം അയച്ച് നൽകണമെന്നും ടാസ്കിൽ വിജയിച്ചാൽ വൻതുക ലാഭം ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്.
2024 ജൂലൈ മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പല തവണകളായി 84 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.