ഇന്ത്യയൊട്ടാകെ ഏറെ ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. ഗ്ലാമര്‍ റോളുകളും അഭിനയ പ്രാധാന്യമുള്ള റോളുകളും ഒരുപോലെ മികച്ചതാക്കാന്‍ നടിക്കു കഴിഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ വിശേഷങ്ങളും ഉയര്‍ച്ച താഴ്ചകളുമെല്ലാം അപ്പപ്പോള്‍ തന്നെ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ ഏറെ ആഘോഷിച്ച സമാന്ത-നാഗ ചൈതന്യ അക്കിനേനി വിവാഹം പരാജയപ്പെട്ടതടക്കം ജീവിതത്തിലെ തിരിച്ചടികളൊക്കെ അവര്‍ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ വര്‍ഷം വിശ്വസ്തനും സ്നേഹസമ്പന്നനുമായ ഒരു പങ്കാളിയെ തേടുന്നതായുള്ള നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. സിറ്റാഡെല്‍: ഹണി ബണ്ണി എന്ന ഹിന്ദി വെബ് സീരിസാണ് സാമന്തയുടേതായി അവസാനം പുറത്തിറങ്ങിയത്. ഇപ്പോള്‍ സാമന്ത തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങള്‍ അവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായിട്ടുണ്ട്.
സിറ്റാഡെല്‍ സംവിധായകന് രാജ് നിദിമൊരുവിന്റെ കൈ പിടിച്ച് മുംബൈയില്‍ നടക്കുന്ന പിക്കിള്‍ബോള്‍ ടൂര്ണമെന്റിനെത്തിയതാണ് ആരാധകരുടെ സംശയത്തിന് കാരണം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും കൂടി ചെയ്തതോടെ അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂടി. എന്നാല്‍ ഈ വിഷയത്തില്‍ സാമന്തയോ രാജോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിറ്റാഡെല്‍ ഹണി ബണ്ണി വെബ് സീരിസിന്റെ ഷൂട്ടിംഗ് മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോൾ സാമന്ത തന്നെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചതോടെ ആരാധകര്‍ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്.
ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുവെന്ന സാമന്തയുടെ മുന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റു കൂടി ചേർത്തു വായിച്ചാണ് ആരാധകര്‍ ഇക്കാര്യം ഉറപ്പിക്കുന്നത്. നാഗ ചൈതന്യയുടെ രണ്ടാം വിവാഹത്തോടെ എപ്പോഴാണ് സാമന്തയുടെ വിവാഹമെന്ന് ആരാധകര്‍ നിരന്തരം ചോദിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നടി മൗനം പാലിക്കുകയാണ്.
രാജ്, ഡികെ എന്നറിയപ്പെടുന്ന സംവിധായക ജോഡികളില്‍ ഒരാളാണ് രാജ് നിദിമോരു. ദി ഫാമിലി മാന്‍, ഫാര്‍സി, സിറ്റാഡെല്‍: ഹണി ബണ്ണി, ഗണ്‍സ് ആൻഡ് ഗുലാബ്സ് തുടങ്ങിയ ഹിന്ദി ത്രില്ലര്‍ സീരീസുകളുടെ സൃഷ്ടാക്കളില്‍ ഒരാളാണ് രാജ് നിദിമൊരു. കൂടുതല്‍ വെല്ലുവിളികളുള്ള കഥാപാത്രങ്ങള്‍ തന്നില്‍ വിശ്വസിച്ച് ഏല്‍പ്പിച്ചതും അത് ചെയ്യാന്‍ പ്രേരിപ്പിച്ചതും രാജും ഡികെയുമാണെന്നും സാമന്ത ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.