വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) രോഗനിർണയം രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. പെംഫിഗസ്, പെംഫിഗോയ്ഡ്, എറിത്തീമാ മൾട്ടിഫോർമി, വായ്ക്കകത്തുള്ള കാൻസർ, ചില വൈറസ് രോഗങ്ങൾ, സിഫിലിസ്, സാർകോയിഡോസിസ്, ക്രോണ്‍സ് രോഗം, സിസ്റ്റമിക് ലൂപസ് എറിതിമറ്റോസസ് എന്നീ രോഗങ്ങളിലും വായ്ക്കകത്ത് വ്രണങ്ങളുണ്ടാകാറുണ്ട്. ചികിത്സിക്കുന്നതിനു മുൻപ് അവയല്ലെന്ന് പൂർണമായും ഉറപ്പുവരുത്തേണ്ടതുണ്ട്.
അടിസ്ഥാന കാരണം കണ്ടെത്തണം
വായ്പുണ്ണിന് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിനായി രക്തത്തിലെ ഇരുന്പ്, ബി12 എന്നിവയുടെ അളവ് നിർണയിക്കേണ്ടിവന്നേക്കാം. ചിലയവസരങ്ങളിൽ രോഗി എച്ച്ഐവി ബാധിതനാണോ എന്നു കണ്ടെത്തേണ്ടിവരും. വായ്ക്കകത്ത് വ്രണങ്ങളുണ്ടാക്കുന്ന മേൽസൂചിപ്പിച്ച രോഗങ്ങളുടെ ലക്ഷണങ്ങൾ രോഗിക്കുണ്ടോ എന്ന് വിശദമായി അന്വേഷിച്ചറിയേണ്ടതുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കണം ചികിത്സ.
എന്താണു പോംവഴി?
ഏതെങ്കിലുംതരത്തിലുള്ള മാനസികസമ്മർദങ്ങളുണ്ടെങ്കിൽ അതു ലഘൂകരിക്കേണ്ട നടപടികൾ ചെയ്യേണ്ടിയിരിക്കുന്നു. ഏതെങ്കിലുംഭക്ഷണത്തോടുള്ള അലർജിമൂലമാണ് വായ്പുണ്ണ് എങ്കിൽ അവ പൂർണമായും ഒഴിവാക്കണം. ടൂത്ത്പേസ്റ്റ്, ഐസ്ക്രീമുകൾ എന്നിവഉപയോഗിക്കുന്പോൾ ശ്രദ്ധിക്കണം.
സ്വയംചികിത്സ ഒഴിവാക്കാം
മരുന്നുകളാണ് വായ്പുണ്ണിനു കാരണമെങ്കിൽ അവ മാറ്റി ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വിളർച്ചയുണ്ടെങ്കിലും ഇത്തരത്തിൽ വ്രണങ്ങളുണ്ടെങ്കിലും ചികിത്സിക്കണം.
വായ്പുണ്ണിന്റെ ചികിത്സയ്ക്ക് ധാരാളം മരുന്നുകൾ വിപണിയിലുണ്ട്. ലേപനങ്ങളായും ഉള്ളിൽ കഴിക്കുന്ന മരുന്നുകളായും ഇവ ലഭ്യമാണ്.
ഹൈഡ്രോകോർട്ടിസോണ്‍, ട്രയാംസിനലോണ്, ഫ്ജവോ സിനോനൈഡ്, ക്ലോർഹെക്സിഡിൻ, ടെട്രാസൈക്ലിൻ, സോഡിയം ക്രോമോഗ്ലൈക്കേറ്റ്, ഡാപ്സോണ്‍, കോൾച്ചിസിൻ, ലിവാമിസോൾ, അസാത്തിയോപ്രിൻ എന്നിവ ഇവയിൽ ചിലതാണ്.
ശരിയായ രോഗനിർണയംപോലെ പ്രധാനമാണ് മരുന്നുകളുടെ ഉപയോഗവും. അതുകൊണ്ടുതന്നെ സ്വയംചികിത്സ ഒഴിവാക്കുന്നതാണു നല്ലത്.
- വിവരങ്ങൾ: ഡോ. ജയേഷ് പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍,
പാനൂര്‍, കണ്ണൂര്‍ ജില്ല
ഫോൺ: 0490 2316330