ന്യൂഡൽഹി: രാജ്യത്തു കഴിഞ്ഞവർഷം നായ്ക്കളുടെ കടിയേറ്റ 22 ലക്ഷത്തിനടുത്തു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു കേന്ദ്ര സർക്കാരിന്റെ കണക്ക്. 2024 ജനുവരി മുതൽ ഡിസംബർ വരെ 21,95,122 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നു കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ലോക്സഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കി.
നായ കടിച്ചു കഴിഞ്ഞ വർഷം 37 പേരാണ് മരിച്ചത്. ഇതേ കാലയളവിൽ രാജ്യത്തുടനീളം പതിനഞ്ചു വയസിൽ താഴെയുള്ള 5,19,704 കുട്ടികളെയും നായ കടിച്ചു. രാജ്യത്തു കഴിഞ്ഞ വർഷം ഓരോ മണിക്കൂറിലും 60 കുട്ടികൾ നായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്കുകളിൽനിന്നു വ്യക്തമാകുന്നത്.
കഴിഞ്ഞവർഷം കുരങ്ങനടക്കമുള്ള മറ്റു ജീവികൾ കടിച്ച 5,04,728 കേസുകളുമുണ്ട്. 11 പേർ മരിച്ചു. രാജ്യത്തു പേവിഷബാധ പ്രതിരോധം നിലവിൽ കാര്യക്ഷമമല്ലെന്നു തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 2030-ഓടെ പേവിഷ മുക്ത രാജ്യമാക്കുന്നതിനായി ദേശീയ പേവിഷ നിയന്ത്രണ പദ്ധതി അടക്കം നിരവധി കർമപദ്ധതികൾ രൂപപ്പെടുത്തിയിട്ടുണ്ടെന്നു കേന്ദ്രം അറിയിച്ചു. തെരുവുമൃഗങ്ങളെ നിയന്ത്രിക്കുന്നത് സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരുന്നതാണെന്നും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ബാധ്യതയെന്നും കേന്ദ്രസർക്കാർ ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
സീനോ സാജു