വൈക്കം: വീണ് തലയ്ക്ക് പരിക്കേറ്റ് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ 11കാരന് ടോർച്ചിന്റെ വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവത്തിൽ കുട്ടിയുടെ തലയിലെ മുറിവ് ഡ്രസ് ചെയ്ത നഴ്സിംഗ് അസിസ്റ്റന്റിന് സസ്പെൻഷൻ.നഴ്സിംഗ് അസിസ്റ്റന്റ് വി.സി. ജയനെയാണ് ഡെപ്യൂട്ടി ഡിഎംഎ യുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
മൊബൈൽ വെളിച്ചത്തിൽ കുട്ടിയുടെ മുറിവ് ഡ്രസ് ചെയ്തു കൊണ്ടിരുന്നപ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ ജനറേറ്റർ പ്രവർത്തിക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഇയാൾ സ്ഥാപനത്തിന് അപകീർത്തി ഉണ്ടാക്കുന്ന മറുപടിയാണ് നൽകിയതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്.
അതേസമയം, ആശുപത്രിയിലെ വൈദ്യുതി തകരാറു പരിഹരിക്കാൻ അറ്റകുറ്റപ്പണി നടത്തുന്നതിനായി വൈദ്യുതി വിച്ഛേദിച്ചിരുന്നപ്പോൾ പരിക്കേറ്റെത്തിയ കുട്ടിയുടെ മുറിവ് വെളിച്ചക്കുറവിനിടയിലും ഡ്രസുചെയ്ത ജീവനക്കാരനെതിരേ കടുത്ത നടപടി സ്വീകരിച്ചതിൽ ആശുപത്രി ജീവനക്കാർക്കിടയിലും കടുത്ത പ്രതിഷേധമുണ്ട്.