കായംകുളം: പോലീസുകാരൻ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ യുവാക്കൾ പോലീസുകാരനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ യുവാക്കൾക്ക് കോടതി ജാമ്യം നൽകി. കായംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ദിനേശ് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വിട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽപ്പെടുകയും യുവാക്കൾക്കു പരിക്കേൽക്കുകയുമായിരുന്നെന്നാണ് പറയുന്നത്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും പരിക്കേറ്റ യുവാക്കളും പോലീസുകാരൻ മദ്യലഹരിയിലാണെന്നും മെഡിക്കൽ എടുക്കണമെന്നും ആവശ്യപ്പെട്ട് ബഹളം വച്ചു. തുടർന്ന് പരിക്കേറ്റ യുവാക്കളും പോലീസുകാരനും താലൂക്ക് ആശുപത്രിൽ എത്തി ചികിത്സതേടി.
പോലീസുകാരൻ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായി. എന്നാൽ, മെഡിക്കൽ പരിശോധനയിൽ പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായപ്പോൾ പോലീസ് ജീപ്പ് തടഞ്ഞുനിർത്തി പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി യുവാക്കൾ തടസപ്പെടുത്തിയെന്നാണ് പോലീസിന്റെ പരാതി.
രക്ത സമ്മർദം ഉയർന്ന പോലീസുകാരനെ യുവാക്കൾ തടഞ്ഞുവച്ചെന്നും പോലീസ് പറയുന്നു. തുടർന്ന് ആറാട്ടുപുഴ പെരുമ്പള്ളി കൊച്ചുമണ്ണേൽ വീട്ടിൽ രാഹുൽ (28), കീരിക്കാട് തെക്ക് വൈക്കത്ത് വീട്ടിൽ ഫൈസൽ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
രാഹുൽ സ്റ്റേഷൻ ജിഡി ചാർജിലുണ്ടായിരുന്ന ദീപക് എന്ന പോലീസുദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിച്ചതായി ചൂണ്ടിക്കാട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വാദി പ്രതിയായെന്ന ആക്ഷേപവും ശക്തമായി. കായംകുളം ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവാക്കൾക്ക് കോടതി ജാമ്യവും അനുവദിച്ചു.