അഹമ്മദാബാദ്: വെള്ളത്തിൽ വിഷം കലർത്തിനൽകി മകനെ കൊന്ന അച്ഛൻ അറസ്റ്റിൽ. അഹമ്മദാബാദിലെ ബാപ്പുനഗറിലാണു സംഭവം. സോഡിയം നൈട്രേറ്റ് കലർത്തിയ വെള്ളം നൽകിയാണ് 10 വയസുള്ള മകൻ ഓമലിനെ അച്ഛൻ കൽപേഷ് ഗോഹെൽ (47) കൊലപ്പെടുത്തിയത്. വെള്ളം കുടിച്ച ഉടൻ ഛർദ്ദിക്കാൻ തുടങ്ങിയ കുട്ടിയെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
15 വയസുള്ള മകൾ ജിയയ്ക്കും ഇയാൾ വിഷം നൽകിയതായി മൊഴിയുണ്ട്. മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു കൽപേഷ് ഗോഹെൽ പദ്ധതിയിട്ടതെന്നു പോലീസ് അറിയിച്ചു. വിഷം കഴിച്ച മകന്റെ മോശം അവസ്ഥ കണ്ടതോടെ വീട്ടിൽനിന്ന് ഓടിപ്പോയ കൽപേഷിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.