മുക്കുത്തിയും സെക്കൻഡ് സ്റ്റഡുമൊക്കെ ഇപ്പോൾ ഫാഷനാണ്. കാലം മാറുന്പോൾ ട്രെന്‍ഡിനും മാറ്റങ്ങൾ സംഭവിക്കുന്നു. ചുണ്ടിലും പുക്കിളിലുമൊക്കെ സ്റ്റഡുകൾ ഇടുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണ്.
ചുണ്ടിൽ സ്റ്റഡ് അടിക്കാൻ മാതാപിതാക്കളോട് കാശ് ചോദിച്ചപ്പോൾ നൽകാതിരുന്നതിന് മകൾ ചെയ്ത ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്. ചൈനയിലെ ഷാംഗ്ഹായിലാണ് സംഭവം. ചുണ്ടിൽ സ്റ്റഡ് അടിക്കുന്നതിന് 680 രൂപ ആയിരുന്നു ആവശ്യം. അച്ഛനും അമ്മയും പണം കൊടുത്തില്ല.
പ്രകോപിതയായ മകൾ വീട്ടിലുണ്ടായിരുന്ന അമ്മയുടെ കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ വിറ്റു. ഒരു മില്യൺ യുവാൻ അതായത് 1.16 കോടി രൂപയുടെ ആഭരണങ്ങളായിരുന്നു അവ. ആഭരണങ്ങൾ മോഷണം പോയെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ പുട്ടുവോ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ വാൻലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തായത്.
മകൾ തന്നോട് 60 യുവാൻ ആവശ്യപ്പെട്ടിരുന്നുവെന്നു, പക്ഷേ അവൾക്കുള്ള പണം ഞങ്ങൾ കൊടുത്തില്ല. എന്നാൽ താൻ അറിയാതെ ആ പണത്തിനായി ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും പരാതിയിൽ പറയുന്നു. അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് സാധനങ്ങൾ വിൽപ്പന നടത്തിയ കടയിൽ നിന്നും ആഭരണങ്ങൾ പിടിച്ചെടുത്തു. കുട്ടിയെ തെറ്റിദ്ധരിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് കടയുടമയോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു