നാഗ്പുർ: ഐസിസി ചാന്പ്യൻസ് ട്രോഫി മുന്നൊരുക്കത്തിനുള്ള അവസാനഘട്ട പരന്പരയിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു നാലു വിക്കറ്റ് ജയം.
മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരന്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലെത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 47.4 ഓവറിൽ 248 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലീഷ് ബാറ്റിംഗ് നിര പവലിയനിൽ കയറി. ശുഭ്മാൻ ഗിൽ (87), ശ്രേയസ് അയ്യർ (59), അക്സർ പട്ടേൽ (52) എന്നിവരുടെ അർധ സെഞ്ചുറി മികവിൽ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 38.4 ഓവറിൽ 251 റണ്‍സിലെത്തി.
മികച്ച തുടക്കം ലഭിച്ച ഇംഗ്ലണ്ടിന്റെ മധ്യനിരയും വാലറ്റവും പോരാടാൻ മറന്നു. 8.5 ഓവറിൽ 75 റണ്‍സിലാണ് ആദ്യ വിക്കറ്റ് വീണത്. ഫിൽ സാൾട്ട് (26 പന്തിൽ 43 റണ്‍സ്) കൂറ്റനടിയുമായി കളം നിറഞ്ഞപ്പോൾ റണ്ണൊഴുകി. ഷമിയുടെയും ഹർഷിത് റാണയുടെയും ഓരോ ഓവറുകൾ മെയ്ഡനാക്കിയ ശേഷമായിരുന്നു സാൾട്ടിന്റെ വെടിക്കെട്ട്.
മത്സരത്തിൽ ആറാം ഓവർ എറിയാനെത്തിയ റാണയുടെ അഞ്ച് പന്തുകളും അതിരുകടത്തിയ സാൾട്ട് ആ ഓവറിൽ 26 റണ്‍സ് അടിച്ചെടുത്തു. സഹ ഓപ്പണർ ബെൻ ഡക്കറ്റും (29 പന്തിൽ 32 റണ്‍സ് ) മോശമാക്കിയില്ല. ഇരുവരും ചേർന്ന് നൽകിയ മികച്ച തുടക്കം മികച്ച സ്കോറിലെത്തിക്കാൻ മറ്റ് ബാറ്റർമാർക്കായില്ല. മധ്യനിരയിൽ ക്യാപ്റ്റൻ ജോസ് ബട്ലറും(67 പന്തിൽ 52 റണ്‍സ്), ജേക്കബ് ബെഥേലും (64 പന്തിൽ 51 റണ്‍സ്) പൊരുതിയതോടെയാണ് സ്കോർ 248ൽ എത്തിയത്.
ഇന്ത്യക്കായി അരങ്ങേറ്റ താരം ഹർഷിത് റാണ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണു ലഭിച്ചത്. സ്കോർ 19ൽ നിൽക്കേ അരങ്ങേറ്റ താരവും ഓപ്പണറുമായ യശസ്വി ജയ്സ്വാൾ പുറത്തായി. 22 പന്തിൽ മൂന്ന് ഫോറടക്കം 15 റണ്‍സായിരുന്നു ജയസ്വാളിന്റെ സന്പാദ്യം.
അതേ സ്കോറിൽ രോഹിത് ശർമയും വീണു. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന താരം ഏഴു പന്തിൽ രണ്ട് റണ്‍സുമായി ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. സാഖിബ് മഹമൂദാണ് രോഹിത്തിനെ ലിവിംഗ്സ്റ്റണിന്റെ കൈകളിലെത്തിച്ചത്. എന്നാൽ, മൂന്നാം വിക്കറ്റിൽ ഒന്നിച്ച വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും മത്സരം തിരികെക്കൊണ്ടുവന്നു.
ഗിൽ ശ്രദ്ധയോടെ കളിച്ചപ്പോൾ അയ്യർ തകർപ്പനടിയുമായി സ്കോർ അതിവേഗം ചലിപ്പിച്ചു. ഇരുവരും ചേർന്ന് സ്കോർ 15.6 ഓവറിൽ 113ലെത്തിച്ചു. അയ്യരെ (36 പന്തിൽ 59 റണ്‍സ്) വീഴ്ത്തി ജേക്കബ് ബെഥേലാണ് 94 റണ്‍സ് നേടിയ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ സ്ഥാനക്കയറ്റം നേടിയെത്തിയ അക്സർ പട്ടേൽ ഗില്ലിനൊപ്പം ചേർന്ന് ഇംഗ്ലീഷ് പന്തേറുകാർക്ക് അവസരങ്ങൾ നല്‍കാതെ അനായാസം സ്കോർ ചെയ്തു.
ഇരുവരും 108 റണ്‍സാണ് സ്കോർബോർഡിൽ ചേർത്തത്. പട്ടേലിനെ (47 പന്തിൽ 52) ആദിൽ റഷീദ് ക്ലീൻബൗൾഡാക്കി. അടുത്തതായെത്തിയ കെ.എൽ. രാഹുലിനും (രണ്ട്) അധികം ആയുസില്ലായിരുന്നു. ജയത്തോടടുക്കാറയപ്പോൾ ഗില്ലിന്റെ (96 പന്തിൽ 87) വിക്കറ്റ് മഹ് മൂദ് സ്വന്തമാക്കി. ഹാർദിക് പാണ്ഡ്യയും (9), രവീന്ദ്ര ജഡേജയും (8) പുറത്താകാതെ ജയത്തിലെത്തിച്ചു.
രണ്ട് അരങ്ങേറ്റം
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ രണ്ട് താരങ്ങൾ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. ബാറ്റർ യശസ്വി ജയ്സ്വാളും പേസർ ഹർഷിത് റാണയുമാണ് കന്നി മത്സരത്തിനിറങ്ങിയത്. ഇരുവരും ഓപ്പണർമാരുടെ റോളിലാണ് കളിച്ചത്. രോഹിത് ശർമയ്ക്കൊപ്പം ജയ്സ്വാൾ ബാറ്റിംഗ് ഓപ്പണ്‍ ചെയ്തപ്പോൾ ബുംറയുടെ അഭാവത്തിൽ മുഹമ്മദ് ഷമിക്കൊപ്പം ഹർഷിത് റാണ ബൗളിംഗ് ഓപ്പണ്‍ ചെയ്തു.
റാണ റിക്കാർഡ്
ഇംഗ്ലണ്ടിനെതിരേ ട്വന്റി 20യിൽ മികച്ച പ്രകടനം കാഴ്ചവച്ച ഹർഷിത് റാണ മികച്ച റിക്കാർഡും മോശം റിക്കാർഡും കന്നി മത്സരത്തിൽ സ്വന്തമാക്കി. ടെസ്റ്റ്, ട്വന്റി20, ഏകദിന ഫോർമാറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ആദ്യ താരമെന്ന മികച്ച റിക്കാർഡ് ഇനി റാണയ്ക്ക് സ്വന്തം. കഴിഞ്ഞ നവംബറിൽ പെർത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ടെസ്റ്റിൽ അരങ്ങേറിയ റാണ ഇംഗ്ലണ്ടിനെതിരേയാണ് ട്വന്റി20ൽ അരങ്ങേറിയത്. ജോസ് ബട്ലർ, ഫിൽ സാൾട്ട്, ബദൽ എന്നിവരുടെ വിക്കറ്റാണ് റാണ ഇന്നലത്തെ മത്സരത്തിൽ നേടിയത്.
അതേസമയം, അരങ്ങേറ്റ മത്സരത്തിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റണ്‍സ് വഴങ്ങിയ ഇന്ത്യൻ ബൗളറെന്ന റിക്കാർഡും ഇതേ മത്സരത്തിൽ റാണയുടെ പേരിലായി. മത്സരത്തിൽ റാണ എറിഞ്ഞ ആദ്യ ഓവർ മെയ്ഡനായിരുന്നു. ഈ ആവേശത്തിൽ മത്സരത്തിലെ ആറാം ഓവർ എറിയാനെത്തിയ റാണയെ ആദ്യ ഓവർ മെയ്ഡനാക്കിയ ഇംഗ്ലീഷ് ബാറ്റർ ഫിൽ സാൾട്ട് ഇരട്ടി പ്രഹരമേൽപ്പിച്ച് കണക്കുതീർത്തു.
ഓവറിൽ 26 റണ്‍സാണ് സാൾട്ട് അടിച്ചു കൂട്ടിയത്. മൂന്ന് സിക്സും രണ്ട് ഫോറും നേടിയ സോൾട്ടിന് അഞ്ചാം പന്ത് മാത്രമാണ് അതിർത്തികടത്താൻ സാധിക്കാതിരുന്നത്. എന്നാൽ പതറാതെ ഒന്‍പതാം ഓവറിനെത്തിയ റാണ ഓവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തി പകരംവീട്ടി.
കോഹ്ലിക്ക് പരിക്ക്
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ വിരാട് കോഹ്ലി പരിക്കിനെത്തുടർന്ന് കളിച്ചില്ല. ചാന്പ്യൻസ് ട്രോഫിക്ക് തൊട്ടുമുന്‍പുള്ള പരന്പരയിൽ താരം ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ആരാധകർക്കും ബിസിസിഐക്കും നിരാശ പകർന്ന ദിനം.
വിരളമായി പരിക്കിന്റെ പിടിയിൽപ്പെടാറുള്ള കോഹ്ലി 1130 ദിവസങ്ങൾക്കു ശേഷമാണ് പരിക്കിനെത്തുടർന്ന് ഒരു മത്സരത്തിൽനിന്നു വിട്ടുനിൽക്കുന്നത്. 2022 ജനുവരിയിൽ ജൊഹന്നാസ്ബർഗിൽ ദക്ഷിണാഫ്രക്കയ്ക്കെതിരേയാണ് കോഹ്ലി അവസാനം പരിക്കു മൂലം കളിക്കാതിരുന്നത്. പരിക്ക് ഗുരുതരമല്ലെന്നും അടുത്ത മത്സരങ്ങളിൽ കോഹ്ലി കാണുമെന്നുമാണു റിപ്പോർട്ട്.