മുംബൈ: പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫി മത്സരങ്ങൾ നിയന്ത്രിക്കുന്ന ഒഫീഷ്യൽസിന്റെ പട്ടിക പുറത്തുവിട്ടു.
ഇന്ത്യക്കാരില്ലാതെയുള്ള 12 അന്പയർമാരുടെയും മൂന്നു മാച്ച് റഫറിമാരുടെയും പട്ടികയാണു പുറത്തുവിട്ടത്. ഈ മാസം 19ന് കറാച്ചിയിൽ ടൂർണമെന്റിനു തുടക്കമാകും.
മാർച്ച് ഒന്‍പതിനാണു ഫൈനൽ. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലാണ് പാക്കിസ്ഥാനിലെ മത്സരങ്ങൾ. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ്.
ഐസിസി എലൈറ്റ് മാച്ച് റഫറിമാരുടെ പട്ടികയിലുള്ള ജവഗൽ ശ്രീനാഥും ഐസിസി എലൈറ്റ് അന്പയർമാരുടെ പട്ടികയിലുള്ള നിതിൻ മേനോനും ടൂർണമെന്റിനില്ല. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മേനോൻ പാക്കിസ്ഥാനിലേക്കു പോകാത്തത്.
മേനോന് ദുബായിലെ മത്സരങ്ങളും നിയന്ത്രിക്കാനാവില്ല. ശ്രീനാഥ് അവധിയിലാണ്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണു വീട്ടിൽ കഴിയാനായത്. അതിനാൽ ഞാൻ അവധി ആവശ്യപ്പെട്ടിരുന്നു- ശ്രീനാഥ് പറഞ്ഞു.