തിരുവനന്തപുരം: ബജറ്റവതരണത്തില്‍ ജനങ്ങള്‍ കാര്യമായി ഉറ്റു നോക്കിയിരുന്ന ഒന്നാണ് ക്ഷേമ പെന്ഷന് വര്‍ധന. ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമ പെന്‍ഷനില്‍ 100 രൂപ മുതല്‍ 200 രൂപയുടെ വരെ വര്‍ധന വരെയാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ഒരു രൂപ പോലും കൂട്ടാൻ തയാറാകാതെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സന്പൂർണ ബജറ്റ്. ക്ഷേമ പെൻഷന്റെ മൂന്നു മാസത്തെ കുടിശിക സമയബന്ധിതമായി നൽകുമെന്ന് മാത്രമായിരുന്നു ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. ക്ഷേമ പെൻഷൻ വർധന സംബന്ധിച്ച യാതൊരു കാര്യവും ബജറ്റിൽ ഉൾക്കൊള്ളിച്ചില്ല.
രാജ്യത്തെ ഏറ്റവും ബൃഹത്തായ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതി കേരളത്തിലാണ്. 60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപ പെൻഷനായി നൽകുന്നതിന് 11000 കോടി രൂപയിലധികമാണ് സർക്കാർ ചിലവാക്കുന്നത്. 33110 കോടി രൂപയാണ് ഈ സർക്കാർ ഇതുവരെ പെൻഷൻ നൽകുന്നതിനായി ചിലവാക്കിയത്. കേന്ദ്ര വകയായി രണ്ടുശതമാനം തുക മാത്രമാണ് ലഭിക്കുന്നത്. ഇനി മൂന്ന് കുടിശ്ശികകളാണ് കൊടുത്തുതീർക്കാനുള്ളത്. അത് സമയബന്ധിതമായി കൊടുത്തുതീർക്കുമെന്ന് കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
നിലവിൽ 1600 രൂപയാണ് പെൻഷൻ. കഴിഞ്ഞ നാല് ബജറ്റിലും പെൻഷൻ ഒരു തുക പോലും വർധിപ്പിച്ചിരുന്നില്ല. ഇത് സംബന്ധിച്ചുള്ള പഴി അവസാന ബജറ്റിൽ ധനനമന്ത്രി പരിഹരിച്ചേക്കുമെന്ന പ്രതീക്ഷ ഇത്തവണയും അസ്തമിച്ചു.