ഫെവിക്വിക്ക് ഉപയോഗിച്ച് മുറിവ് ഒട്ടിച്ച നഴ്സിനെ കർണാടക സർക്കാർ സസ്പെൻഡ് ചെയ്തു. ഏഴു വയസുകാരന്റെ മുഖത്തെ ആഴത്തിലുള്ള മുറിവാണു തുന്നലിടുന്നതിനു പകരം പശവച്ച് ഒട്ടിച്ചത്. ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലെ അഡൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണു സംഭവം നടന്നത്.
കവിളിൽ മുറിവേറ്റനിലയിലാണു ഗുരുകിഷൻ എന്ന കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചത്. ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ജ്യോതി, രക്തമൊലിക്കുന്ന മുറിവ് ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിക്കുകയായിരുന്നു. ഇതിനെ ചോദ്യംചെയ്തപ്പോൾ വർഷങ്ങളായി താൻ ഇങ്ങനെ ചെയ്യാറുണ്ടെന്നും തുന്നലിടുന്നതിനേക്കാൾ നല്ലത് പശവച്ച് ഒട്ടിക്കുന്നതാണെന്നുമായിരുന്നു നഴ്സിന്റെ മറുപടി.
ഇതേത്തുടർന്നു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. വ്യക്തമായ തെളിവുകളുണ്ടായിരുന്നിട്ടും നഴ്സിനെ സസ്പെൻഡ് ചെയ്യുന്നതിനുപകരം മറ്റൊരു ആരോഗ്യകേന്ദ്രത്തിലേക്കു സ്ഥലംമാറ്റുക മാത്രമാണ് ആദ്യഘട്ടത്തിൽ അധികൃതർ ചെയ്തത്. ശക്തമായ പ്രതിഷേധമുയർന്നതോടെ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.