മങ്കൊമ്പ്: നെല്ലും മീനും കുട്ടനാട്ടുകാര്‍ക്കു ചിരപരിചിതമാണെങ്കിലും നെല്‍വയലില്‍ മീന്കൃഷികൂടി ചെയ്ത് അധിക വരുമാനം നേടാമെന്ന നൂതന ആശയം രാമങ്കരി മാമ്പുഴക്കരി സ്വദേശി കരിവേലിത്തറ ജോസഫ് കോരയുടേതായിരുന്നു. പതിറ്റാണ്ടുകളായി അദ്ദേഹം പിന്തുടരുന്ന കൃഷിക്ക് ഇപ്പോള്‍ പുരസ്കാരത്തിന്റെ പൊന്‍തൂവല്‍.
ആലപ്പുഴ ജില്ലാ അഗ്രി ഹോർട്ടികള്‍ച്ചർ സൊസൈറ്റിയുടെ ആര്. ഹേലി സ്മാരക കര്‍ഷകശ്രേഷ്ഠ പുരസ്കാരം സ്വന്തമാക്കിയ ഈ എണ്പത്തിമൂന്നുകാരന് ഇപ്പോഴും കൃഷിയിടത്തില്‍ തിരിക്കിലാണ്. അധികമാരുടെയും സഹായമില്ലാതെ ആവേശത്തോടെ കൃഷിചെയ്തു മണ്ണിലും വെള്ളത്തിലും പൊന്നുവിളയിക്കുന്ന അദ്ദേഹത്തിന്റെ കൃഷിയിടം നെല്ല്, നാളികേരം, ആറ്റുകൊഞ്ച്, കരിമീന്‍, നേന്ത്രവാഴ, പടവലം, പാവല്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പൂക്കള്‍ തുടങ്ങിയവയെല്ലാം വിളയുന്ന സംയോജിത കൃഷിയുടെ വിജയിച്ച മാതൃകയാണ്. ‘ഒരു നെല്ലും ഒരു മീനും’ എന്ന പേരില്‍ പ്രചുരപ്രചാരം ലഭിച്ച കോരയുടെ കൃഷിരീതി കുട്ടനാടിന്റെ രക്ഷാമാര്‍ഗമായാണ് ഇന്നു കണക്കാക്കപ്പെടുന്നത്.
കളകളെയും കീടങ്ങളെയും ഫലപ്രദമായി മീനുകള്‍ ആഹാരമാക്കുമെന്നതുമാത്രമല്ല നെല്‍കൃഷിക്ക് നല്ല ഒന്നാന്തരം വളമായി മാറുമെന്നതാണ് വയലിലെ മീന്‍കൃഷിയുടെ മെച്ചം. കേരളത്തിലെ കാര്ഷികപത്രപ്രവര്ത്തനത്തിന്റെ ആചാര്യനായി അറിപ്പെടുന്ന ആര്. ഹേലിയുടെ പേരിലുള്ള അവാര്‍ഡ് ലഭിക്കുമ്പോള്‍ ജോസഫ് കോരയുടെ നിരന്തരമായ പരിശ്രമത്തിനും ഗവേഷണത്വരയ്ക്കുമുള്ള അംഗീകാരം കൂടിയാണ്.
ഒരു നെല്ലും ഒരു മീനും എന്ന ആശയത്തിന്റെ പ്രായോഗിക പാഠങ്ങള്‍, കുട്ടനാട്ടില്‍ ജീവിക്കുന്നവരഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ പാടശേഖര പ്രദേശങ്ങളിലെ വെള്ളക്കെട്ട് ദുരിതത്തിനുള്ള പരിഹാരമാര്ഗമായികണ്ട് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന ആവശ്യം കുട്ടനാടിന്റെ പല ഭാഗങ്ങളില്നിന്നുമിപ്പോള് ഉയരുന്നുണ്ട്. നെല്ലിനെ മാത്രം കൃഷിയായി കണ്ടു സംരക്ഷിക്കുന്ന പരമ്പരാഗത സര്‍ക്കാര്‍ പദ്ധതികള്‍ മാത്രമാണ് കുട്ടനാട്ടിലിപ്പോഴുമുള്ളത്. മാറുന്ന കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കുമൊക്കെയനുസൃതമായി കൃഷി രീതികള്‍ പരിഷ്കരിച്ചാലത് നാടിനുമുഴുവന്‍ അനുഗ്രഹമായി മാറുമെന്നുള്ളതിന്റെ ഉദാഹരണമാണ് ജോസഫ് കോരയെപ്പോലുള്ളവരുടെ വിജയ മാതൃക.
നല്ല മാതൃകകള്‍ നാട്ടുകാരേറ്റെടുക്കുന്നതിന്റെ ശുഭസൂചനകളെന്നവിധം, സംയോജിതകൃഷിയിലൂടെയുള്ള വെള്ളക്കെട്ടു ദുരിതനിവാരണവുമായി ബന്ധപ്പെട്ടുള്ള നിരവധി അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണനയിലുള്ളതായാണറിയുന്നത്. മഴക്കാലത്ത് നെല്ലിന് പകരം മീന്‍ വളര്‍ത്തിയാല്‍ മട വീഴുമെന്ന പേടി വേണ്ട. അത്യാവശ്യഘട്ടങ്ങളില്‍ പമ്പിംഗ് നടത്തിയാല്‍ ജലനിരപ്പ് ക്രമീകരിക്കാനുമാവും. വഴികളും റോഡുകളും കര കൃഷിയും കാലി വളര്‍ത്തലും മത്സ്യകൃഷിയുമെല്ലാം സംരക്ഷിക്കാനുമാവും. ഡോക്ടര്‍ എം. എസ്. സ്വാമിനാഥന്റെ കുട്ടനാട് പാക്കേജിലും ഇത്തരം ശിപാര്ശകള്ഉണ്ടായിരുന്നുവെന്നത് ഈ കര്‍ഷക പ്രതിഭയ്ക്കുള്ള അംഗീകാരം കൂടിയാണ്.
രാമങ്കരി മാമ്പുഴക്കരി സ്വദേശിയും 83 കാരനുമായ കരിവേലിത്തറ ജോസഫ് കോര സംയോജിത കര്‍ഷകനാണ്. ഭാര്യ പരേതയായ തരുണി ജോസഫ്. രാഷ്ട്രദീപിക ലിമിറ്റഡ് ഡിജിഎം (എച്ച്ആര്‍) കോര ജോസഫ് മകനാണ്. ജില്ലയിലെ പതിനാറോളം കര്‍ഷകരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജേതാവിനെ തെരഞ്ഞെടുത്തതെന്നും എണ്‍പത്തിമൂന്നാം വയസിലും കൃഷി ജീവിത ദൗത്യമായി കൊണ്ടു നടക്കുന്ന അദ്ദേഹം ജില്ലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും പ്രചോദനമാണെന്നും പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ പറഞ്ഞു.