പത്തനംതിട്ട: പത്തനംതിട്ട പോലീസ് നഗരത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടത്തിയ നരവേട്ടയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ നിറയെ പൊരുത്തക്കേടുകള്‍. ലാത്തിയടിക്ക് നേതൃത്വം നല്കിയ പത്തനംതിട്ട എസ്ഐ ജെ.യു. ജിനുവിനെയും രണ്ട് സിപിഒമാരെയും സസ്പെന്‍ഡ് ചെയ്തെങ്കിലും ഇവരുടെ പേരുകള്‍ എഫ്ഐആറില്‍ ഇല്ല.
ആക്രമണം നടത്തിയത് എസ്ഐയും സംഘവുമാണെന്ന് തിരിച്ചറിഞ്ഞിട്ടും പേരുകള്‍ ഉള്‍പ്പെടുത്താതിരുന്നത് സംശയകരമാണെന്ന് പരിക്കേറ്റ എരുമേലി തുലാപ്പള്ളി ചെളിക്കുഴിയില്‍ ശ്രീജിത്ത്, ഭാര്യ സിതാര എന്നിവര്‍ പറഞ്ഞു. സംഭവം നടന്നത് രാത്രി 11നാണെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അബാന്‍ ജംഗ്ഷനിലെ ബാറില്‍ ചിലര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ജീവനക്കാര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞത് 11.15ന് എന്നാണ് എഴുതിയിരിക്കുന്നത്. ബാര്‍ ജീവനക്കാര്‍ വിളിച്ചപ്പോള്‍ എത്തിയതാണെന്നും ആളുമാറി മര്ദ്ദിച്ചതാണെന്നുമുള്ള പോലീസ് വാദത്തിന് എതിരാണ് എഫ്ഐആര്‍.
എസ്ഐയുടെയും പോലീസുകാരുടെയും പേരുകള്‍ ഒഴിവാക്കിയതും സമയത്തിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് ദമ്പതികള്‍ പറഞ്ഞു. വധശ്രമം, പട്ടികജാതി വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും കുടുംബം പരാതി നല്‍കും. പത്തനംതിട്ട എസ്ഐയ്ക്കും കൂട്ടര്‍ക്കുമെതിരായ പരാതികള്‍ അതേ സ്റ്റേഷനിലെ സിഐയും പത്തനംതിട്ട ഡിവൈഎസ്പിയുമാണ് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും കുടുംബം ആവശ്യപ്പെടും.
പരാതിക്കാരില്‍ നിന്ന് കൂടുതല്‍ തെളിവെടുത്ത ശേഷം മര്‍ദ്ദിച്ച പോലീസുകാരുടെ ഉള്‍പ്പെടുത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇതിനിടെ പോലീസ് അതിക്രമത്തിന് ഇരയായവര്‍ അടങ്ങുന്ന സംഘം നഗരത്തിലെ ബാറിന് മുന്നില്‍ നില്ക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ചിലര്‍ ബാറിലേക്ക് കയറിപ്പോകുന്നതും തിരിച്ചിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവര്‍ക്ക് സമീപം മറ്റ് രണ്ടു യുവാക്കള്‍ ബാര്‍ ജീവനക്കാരോട് സംസാരിക്കുന്നതും ബൈക്കില്‍ കയറിപ്പോകുന്നതുമുണ്ട്. ബൈക്കിലെത്തിയവര്ക്കെതിരെയാണ് ജീവനക്കാര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിനിടെ കേസന്വേഷണം ജില്ലയ്ക്കു പുറത്തുള്ള ഉദ്യോഗസ്ഥരെ ഏല്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്.