ബംഗളൂരു: കർണാടകയിലെ ദയാനന്ദ് സാഗർ കോളജ് ഹോസ്റ്റലിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനി അനാമിക (19) ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പൽ സന്താനത്തെയും അസിസ്റ്റന്റ് പ്രഫസർ സുജിതയെയും മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.
പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ഇരുവരുടെയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. കണ്ണൂർ മുഴുപ്പിലങ്ങാട് ഗോകുലത്തിൽ വിനീതിന്റെ മകളാണ് അനാമിക. ചൊവ്വാഴ്ച രാത്രി എട്ടോടെ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
അനാമിക മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. തന്നോട് വട്ടാണോ എന്നതുൾപ്പെടെ ചോദിച്ചുവെന്നും ഇവിടെനിന്നാൽ പാസാക്കാതെ സപ്ലിയടിപ്പിക്കുക മാത്രമാണ് ഉണ്ടാവുകയെന്നും പറയുന്ന ഓഡിയോ സന്ദേശമായിരുന്നു പുറത്തുവന്നത്.
അതിനിടെ ബംഗളൂരുവിലെ മറ്റൊരു മലയാളി നഴ്സിംഗ് വിദ്യാർഥിനി കൂടി ഇന്നലെ ജീവനൊടുക്കി.മലപ്പുറം ചങ്ങരംകുളത്ത് പാലപ്പെട്ടി പുതിയിരുത്തി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയാണ് (20) അമ്മ വീട്ടില്‍ തൂങ്ങി മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ദർശന.