തലയോലപ്പറമ്പ്: കെപിപിഎൽ പേപ്പർ കന്പനിയിൽനിന്ന് മൂവാറ്റുപുഴയാറിലേക്ക് രാസമാലിന്യജലം പുറന്തള്ളുന്നതിനെത്തുടർന്ന് പുഴയിലെ വെള്ളത്തിനു കറുപ്പുനിറമായത് ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാക്കുന്നു. വെള്ളൂർ, മറവൻതുരുത്ത്, ചെമ്പ്, ഉദയനാപുരം, ടിവിപുരം, വൈക്കം നഗരസഭ പ്രദേശങ്ങളിലെ ജനങ്ങളാണു മലിനജനം മൂലം ദുരിതമനുഭവിക്കുന്നത്.
മൂവാറ്റുപുഴയാർ പല കൈവഴികളായി ഒഴുകി വേമ്പനാട്ടുകായലിലാണ് സംഗമിക്കുന്നത്. മൂവാറ്റുപുഴയാറിലെയും കരിയാറിലെയും ജലം തോടുകളിലേക്കും കൈത്തോടുകളിലേക്കും ഒഴുകിയെത്തുന്നതുകൊണ്ടാണ് വൈക്കത്തെ കാർഷികമേഖല ഹരിതാഭമാകുന്നത്. വൈക്കം,ചേർത്തല താലൂക്കുകളിലടക്കം നിരവധി പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത് മൂവാറ്റുപുഴയാറിലെ വെള്ളൂരിലെ ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നാണ്. പുഴയിലെ വെള്ളം മലിനമാകുന്നത് വേമ്പനാട്ടുകായലിനെ വിഷമയമാക്കുന്നതിനൊപ്പം കിണർ, കുളങ്ങളടക്കമുള്ള കുടിവെള്ള സ്രോതസുകളെയും ഉപയോഗശൂന്യമാക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
പുഴയിൽ കുളിക്കാൻ ഇറങ്ങുന്നവരുടെ ദേഹം ചൊറിഞ്ഞു തടിക്കുകയാണ്. പുഴയിലെ രാസമാലിന്യത്തിന്റെ അളവുവർധിച്ചത് മത്സ്യസമ്പത്തിന്റെ നാശത്തിന് ഇടയാക്കുകയും മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കമ്പനി മാലിന്യ സംസ്കരണത്തിനു ഫലപ്രദമായ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഇതിനകം പലതവണ സമരം നടത്തി.
മറവൻതുരുത്ത് പഞ്ചായത്ത് ഭരണസമിതി കെപിപിഎല്ലിൽ നിന്ന് മലിനജലം മൂവാറ്റുപുഴയാറിൽ കലരുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിപിഎൽ അധികൃതർക്ക് നിവേദനം നൽകി. ജനങ്ങളുടെ ആരോഗ്യജീവിതം ഉറപ്പാക്കാനും മൂവാറ്റുപുഴയാറിൽ തെളിനീർ ഒഴുകാനും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.