കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇയാളെ ഇന്ന് രാവിലെ കളമശേരി ഡിഐജി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്നതായാണ് ലഭ്യമാകുന്ന വിവരം.മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
പ്രതി പോലീസിന്റെ സുപ്രധാന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. ഇയാളുടെ മൊഴികളിലെ വൈരുധ്യവും പോലീസിനെ കുഴക്കുകയാണ്. രാഷ്ട്രീയ നേതാക്കളടക്കം ഉന്നത സ്ഥാനത്തുള്ളവരെ മുന്‍ നിര്‍ത്തിയായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. എന്നാല്‍ ഈ ബന്ധങ്ങളെ കുറിച്ച് കൃത്യമായ മറുപടി അനന്തുവിനില്ല.
ഫണ്ട് ചെലവഴിച്ച വഴികളെക്കുറിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്. നിരവധി പേരില്‍നിന്ന് പണം പിരിച്ചെന്നും സിഎസ്ആര്‍ ഫണ്ട് കൃത്യമായി കിട്ടിയില്ലെന്നും അനന്തു മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് പോലീസിന്റെ നീക്കം. അനന്തുവിന്റെ കുറ്റസമ്മത മൊഴി മൂവാറ്റുപുഴ പോലീസ് രേഖപ്പെടുത്തി. പ്രതിയെ കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
ജീവനക്കാരില്‍ പലരും ഒളിവില്‍
അനന്തുവിന്റെ ജീവനക്കാരില്‍ പലരും ഒളിവിലാണ്. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നാണ് പോലീസ് പറയുന്നത്. ജീവനക്കാരുടെ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
വിവിധ പോലീസ് സ്റ്റേഷനുകളില്‍ അനന്തുവിനെതിരെ കൂടുതല്‍ പരാതികള്‍ വരുന്നുണ്ട്. . തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അനന്തു അറസ്റ്റിലാകുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നാല് കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
ഈ അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചിരുന്നു. അനന്തുവിന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും തട്ടിച്ച പണം എവിടെ എങ്ങനെയൊക്കെ നിക്ഷേപിച്ചെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പലരില്‍ നിന്നായി ഇയാള്‍ തട്ടിയെടുത്ത കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തിയതായാണ് സംശയം. അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്നാണ് പോലീസ് പറയുന്നത്.നാഷണല്‍ എന്‍ജിഒ ഫെഡറേഷന് എന്ന സംഘടനയുടെ നാഷനല്‍ കോഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്.
സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പോലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.
കേസ് ഇഡി ഏറ്റെടുത്തേക്കുമെന്ന് സൂചന
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ശേഖരിച്ചിട്ടുണ്ട്. വിവരശേഖരണം ഉടന്‍ പൂര്‍ത്തിയാക്കി അന്വേഷണം ഇഡി ഏറ്റെടുത്തേക്കുമെന്നാണ് വിവരം. നിലവില്‍ പോലീസ് ചുമത്തിയ വഞ്ചനാകുറ്റം ഇഡിക്ക് അന്വേഷണം ആരംഭിക്കാന്‍ പര്യാപ്തമാണ്. തട്ടിപ്പിന്റെ വ്യാപ്തിയും പണം പോയ വഴിയും കൃത്യമായി അറിയണമെങ്കില്‍ ഇഡി അന്വേഷണം അനിവാര്യമാണ്.
ഇഡിക്ക് പുറമേ സംസ്ഥാന വ്യാപകമായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പും ശേഖരിച്ചു വരികയാണ്. ഹൈറിച്ച് മണിചെയിന്‍ മാതൃകയിലായിരുന്നു അനന്തുകൃഷ്ണന്റെ തട്ടിപ്പെന്നാണ് വിലയിരുത്തല്‍.