മുംബൈ: ഗാർഹിക പീഡനക്കേസിൽ ആദ്യ ഭാര്യക്കും മകൾക്കും മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ പ്രതിമാസം രണ്ടു ലക്ഷം രൂപ നൽകണമെന്നു ബാന്ദ്ര കുടുംബക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആദ്യ ഭാര്യയായ കരുണ ശർമയ്ക്ക് 1.25 ലക്ഷവും മകൾക്ക് 75,000വും നൽകണമെന്നാണ് ഉത്തരവ്. ആദ്യഭാര്യയിലുള്ള മറ്റൊരു മകനും ചെലവിന് നൽകണമെന്ന ആവശ്യം മകൻ പ്രായപൂർത്തിയായത് ചൂണ്ടിക്കാട്ടി കോടതി തള്ളി.
മഹാരാഷ്ട്രയിലെ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ മന്ത്രിയാണ് എൻസിപി നേതാവായ ധനഞ്ജയ് മുണ്ടെ. ഉദ്ധവ് താക്കറെ സർക്കാരിൽ മന്ത്രിയായിരിക്കെയാണു ധനഞ്ജയ് മുണ്ടെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തിയത്. മുണ്ടെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ സഹായിയും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇവർ ആരോപിച്ചിരുന്നു.
സ്ത്രീയുമായി ഒരുമിച്ചു ജീവിച്ചിരുന്നെന്നു ധനഞ്ജയ് മുണ്ടെ കോടതിയിൽ സമ്മതിച്ചിരുന്നു. തുടർന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അതേസമയം, കേസിൽ അന്തിമവിധി ആയിട്ടില്ല.