മുഹമ്മ: മോഷണക്കേസിലെ പ്രതിയെ തെളിവെടുപ്പിനായി ജ്വല്ലറിയിൽ കൊണ്ടുവന്നപ്പോൾ ജ്വല്ലറി ഉടമ വിഷം കഴിച്ച് മരിച്ചു. മുഹമ്മ ജംഗ്ഷന് വടക്ക് വശത്തുള്ള രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പിൽ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കടത്തുരുത്തിയിൽനിന്ന് എസ്എച്ച്ഒ റെനീഷ്, എസ്ഐ എ.കെ. അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് മോഷണക്കേസിലെ പ്രതി തൊടുപുഴ തൃക്കയിൽ ശെൽവരാജുമായി പോലീസ് സംഘം മുഹമ്മയിൽ എത്തിയത്. മോഷ്ടിച്ച 21 പവൻ സ്വർണമാണ് ശെൽവരാജ് വിറ്റതായി പറയുന്നത്.
പോലീസ് എത്തുമ്പോൾ കട അടഞ്ഞു കിടക്കുകയായിരുന്നു. രാധാകൃഷ്ണനെയും മകനെയും കടയിലെത്തിച്ച് തെളിവെടുക്കുന്നതിനിടെ കടയിൽ സുക്ഷിച്ചിരുന്ന വിഷമെടുത്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഉടനെ തന്നെ പോലീസ് വാഹനത്തിൽ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയി ല്ല. ഭാര്യ: സതിയമ്മ. മക്കൾ: റെജിഷ്, റെജിമോൾ.