തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഹരികുമാറിനെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ പരിഗണിച്ച് ഇന്നലെ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
പ്രതിക്കു ചോദ്യം ചെയ്യലിന് വിധേയനാകാനുള്ള മാനസികാരോഗ്യം ഉണ്ടോയെന്ന ഡോക്ടർമാരുടെ സാക്ഷ്യപത്രം ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഈ സാക്ഷ്യപത്രം പോലീസ് നൽകിയതിനെ തുടർന്നാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് വെളിപ്പെടുത്തിയ ഇയാൾ പിന്നീട് പലപ്രാവശ്യം മൊഴി മാറ്റിയിരുന്നു.
അതേസമയം കൊല്ലപ്പെട്ട രണ്ടരവയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പോലീസ് കസ്റ്റഡിയിലാണ്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ശ്രീതുവിനെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അന്വേഷണ സംഘം അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നു ലക്ഷക്കണക്കിന് രൂപ ശ്രീതു വാങ്ങിയിരുന്നുവെന്ന് എട്ടു പേർ പരാതി നൽകിയിരുന്നു.
ബാലരാമപുരം സ്വദേശി ഷിജുവിന് ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പത്തു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശ്രീതു അറസ്റ്റിലായത്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥ എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത ശേഷം വ്യാജ നിയമനക്കത്ത് നൽകിയിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായ ഷിജു പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീതുവിന്റെ തട്ടിപ്പ് പുറത്തായത്.
വ്യാജ നിയമന കത്ത് തയാറാക്കിയ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ ശ്രീതു പോലീസിനോട് നൽകിയിരുന്നെങ്കിലും പലപ്പോഴായി മറ്റ് പല സ്ഥലങ്ങളിലെയും സ്ഥാപനങ്ങളുടെ പേര് പറഞ്ഞ് അന്വേഷണത്തെ കുഴപ്പിക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വ്യാജ നിയമന കത്ത് തയാറാക്കിയ കന്പ്യൂട്ടർ കണ്ടെടുക്കാൻ പോലീസിന് സാധിച്ചിട്ടില്ല. അന്വേഷണവുമായി സഹകരിക്കാത്ത നിലയാണ് ഇവർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം ശ്രീതുവിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. കൊലപാതകത്തിൽ ശ്രീതുവിന് പങ്കുള്ളതായി ഹരികുമാർ പറഞ്ഞിട്ടില്ല. എന്നാൽ പരസ്പര വിരുദ്ധമായ മൊഴികളുടെ അടിസ്ഥാനത്തിൽ ശ്രീതുവിനെ പോലീസ് സംശയിക്കുന്നുണ്ട്. ഇതിൽ സ്ഥിരീകരണം ലഭിക്കാനായി ശ്രീതുവിനെയും ഹരികുമാറിനെയും ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യും.
ഹരികുമാറും ശ്രീതുവും തമ്മിൽ നടത്തിയ വാട്സാപ് ചാറ്റുകളുടെ ചുവടുപിടിച്ചാണ് ചോദ്യം ചെയ്യുന്നത്. ഹരികുമാറും ശ്രീതുവും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാനുള്ള നീക്കങ്ങൾ നടത്തുന്നതിനാൽ ശാസ്ത്രീയ രീതികളും പോലീസ് സ്വീകരിക്കാനുള്ള നീക്കത്തിലാണ്.
വസ്തു വാങ്ങാനായി 36 ലക്ഷം രൂപ തന്റെ സുഹൃത്തായ ജോത്സ്യന് കൊടുത്തുവെന്നും അയാൾ തന്നെ കബളിപ്പിച്ചുവെന്നുമാണ് ശ്രീതു നേരത്തെ പോലീസിനോട് മൊഴി നൽകിയത്. ജോത്സ്യന്റെ ബാങ്ക് ഇടപാടുകൾ പോലീസ് പരിശോധിക്കുകയാണ്.
ശ്രീതു പറയുന്ന പല കാര്യങ്ങളും വിശ്വാസത്തിലെടുക്കാൻ സാധിക്കാത്ത മൊഴികളാണ് നൽകി കൊണ്ടിരിക്കുന്നത്. നെയ്യാറ്റിൻകര ഡിവൈഎസ്പി. എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ു