ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വിദേശ വിദ്യാർഥിയെ പിടികൂടാത്തതിൽ പ്രതിഷേധം. സംഭവം നടന്ന് അഞ്ചുമാസമായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരേ മാതാപിതാക്കൾ രംഗത്തെത്തിയതിനെത്തുടർന്നു കുട്ടി പഠിക്കുന്ന സ്കൂളിനു പുറത്ത് ഇന്നലെ നിരവധിപ്പേർ തടിച്ചുകൂടി.
വിദേശ പൗരനായ മുതിർന്ന വിദ്യാർഥിയാണ് മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു സംഭവം നടന്നത്.
സെപ്റ്റംബർ 16ന് കുട്ടി മാതാപിതാക്കളോടു പീഡനവിവരം പറഞ്ഞതിനെത്തുടർന്ന് സംഭവം സ്കൂൾ പ്രിൻസിപ്പലിനെ അറിയിക്കുകയും തുടർന്ന് സെപ്റ്റംബർ 18ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ നിയമപ്രകാരം സെപ്റ്റംബറിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പ്രതിയെ പിടികൂടാൻ പോലീസ് നടപടിയൊന്നുമെടുത്തില്ലെന്നു കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.