ടെഹ്റാന്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു ചുട്ട മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച ഡൊണാൾഡ് ട്രംപിന്റെ ഭീഷണി വിലപ്പോകില്ലെന്നും തങ്ങള്‍ക്കുനേരേ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്നും ആയത്തുള്ള അലി ഖമീനി പറഞ്ഞു. 1979ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ സൈനിക കമാന്‍ഡര്‍മാരുമായി സംസാരിക്കവേയാണു ഖമീനി നിലപാട് വ്യക്തമാക്കിയത്.
‘‘അവര്‍ നമ്മളെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നു, നമ്മൾക്കെതിരേ ഭീഷണി മുഴക്കുന്നു. നമ്മളെ ഭീഷണിപ്പെടുത്തിയാല്‍ തിരിച്ചും ഭീഷണിമുഴക്കും. ഭീഷണി അവര്‍ നടപ്പാക്കിയാല്‍ നമ്മളും തിരിച്ചടിക്കും. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കുനേരേ ആക്രമണമുണ്ടായാല്‍ അവരുടെ രാജ്യസുരക്ഷയ്ക്കുനേരേ ആക്രമിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ല’’- ഖമീനി സൈനിക കമാൻഡർമാരോടായി പറഞ്ഞു. ഇറാനെതിരായ ഉപരോധം കര്‍ശനമാക്കുന്ന മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചു സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ ഭീഷണി. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കില്‍ പിന്നെ ആ രാജ്യംതന്നെ ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി.