വാഷിംഗ്ടൺ: അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ അമേരിക്കയുടെ ബെറിംഗ് എയർ കമ്യൂട്ടർ വിമാനം തകർന്നു വീണനിലയിൽ കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽനിന്നാണ് വിമാനം കണ്ടെത്തിയത്.
വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. പൈലറ്റും ഒൻപതു യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റിൽനിന്നു നോമിലേക്കുള്ള യാത്രാമധ്യേയാണു വിമാനം കാണാതായത്.
നോമിന് ഏകദേശം 12 മൈൽ അകലെയും 30 മൈൽ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം. അപകടകാരണം വ്യക്തമല്ല. പ്രദേശത്ത് മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുണ്ട്. എട്ട് ദിവസത്തിനിടെ യുഎസിൽ സംഭവിക്കുന്ന മൂന്നാമത്തെ വലിയ വിമാനദുരന്തമാണിത്. ജനുവരി 29ന് വാഷിംഗ്ടണിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചിരുന്നു. ജനുവരി 31ന് ഫിലാഡൽഫിയയിൽ വിമാനം തകർന്നുവീണ് ഏഴു പേർ മരിച്ചു.