മലയാളി പ്രേക്ഷകരുടെ കൺമുന്നിൽ വളർന്ന പ്രതിഭയാണ് നടിയും ഡാൻസറും മോഡലുമെല്ലാമായ സാനിയ അയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോകളാണ് കുടുംബപ്രേക്ഷകർക്കിടയിൽ പോലും സാനിയ സുപരിചിതയാകാൻ കാരണം.
പണ്ട് മുതൽ ഡാൻസായിരുന്നു സാനിയയുടെ പാഷൻ. സിനിമ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് അപ്പോത്തിക്കിരിയിലും ബാല്യകാലസഖിയിലും ബാലതാരമായി സാനിയ അഭിനയിക്കുന്നത്. ഈ രണ്ട് സിനിമകളും റിലീസ് ചെയ്ത് കുറച്ച് വർഷങ്ങൾ കൂടി പിന്നിട്ടശേഷമാണ് നായികയായി സാനിയ എത്തുന്നത്. ക്വീൻ എന്ന സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ താരം ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു.
പൃഥ്വിരാജിന്റെ ലൂസിഫറിലെ ആ ഒറ്റ റോൾ സാനിയയുടെ കരിയറിൽ വഴിത്തിരിവായി. ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളുടെ വേഷം ചെയ്തശേഷമാണ് സിനിമ ഉപേക്ഷിക്കേണ്ടതില്ലെന്ന് സാനിയയ്ക്ക് തോന്നി തുടങ്ങിയത്. ലൂസിഫറിനു ശേഷമാണ് നടി സിനിമയെ സീരിയസായി കാണാൻ തുടങ്ങിയത്. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും സാനിയ സജീവമാണ്. ഇതിനോടകം ചെയ്ത സിനിമകളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നു സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിച്ചാണ് സാനിയ ഇന്ന് കാണുന്ന വിജയങ്ങളും സന്തോഷവും എല്ലാം നേടിയെടുത്തത്. ഇരുപത്തിരണ്ടുകാരിയായ സാനിയ അഭിനയം, നൃത്തം, മോഡലിംഗ് എന്നിവയിലൂടെയെല്ലാം ലക്ഷങ്ങളാണ് ഇപ്പോൾ സമ്പാദിക്കുന്നത്. പൈസ ഇല്ലെങ്കിൽ ഈ ലോകത്ത് ഒന്നുമില്ലെന്നത് താൻ മനസിലാക്കിയെന്ന് പറയുകയാണിപ്പോൾ നടി.
കുറച്ച് മാസങ്ങൾക്ക് മുമ്പ് ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ ജീവിത്തതിൽ നിന്നു മനസിലാക്കിയ ചില കാര്യങ്ങളെ കുറിച്ച് നടി വാചാലയായത്. ഞാൻ മനസിലാക്കിയ ഒരു കാര്യം ഈ ലോകത്ത് പൈസ ഇല്ലെങ്കിൽ ഒന്നുമല്ലെന്നതാണ്. ഇക്കാര്യം ഞാൻ അടുത്തിടെയാണ് മനസിലാക്കിയത്.
അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഞാൻ ഒരു നോർമൽ ഗേൾ ആയിരുന്നുവെങ്കിൽ വെറുമൊരു സാനിയ അയ്യപ്പൻ മാത്രമായിരുന്നുവെങ്കിൽ, ചുമ്മ സ്കൂളിൽ പോയി പഠിച്ചിറങ്ങിയ ഒരു കുട്ടിയായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ എന്റെ കൂടെയുള്ള പല ആൾക്കാരും എന്റെ ഒപ്പം ഉണ്ടാകുമായിരുന്നില്ല. ഞാൻ അവരെ ഒരിക്കലും ജഡ്ജ് ചെയ്ത് പറയുകയല്ല. പക്ഷെ ചിലപ്പോഴൊക്കെ എനിക്ക് അത്തരത്തിലൊരു വൈബ് ആളുകളിൽ നിന്നും കിട്ടാറുണ്ട്.
ഞാൻ ഇങ്ങനെയായതുകൊണ്ടാണ് അവരൊക്കെ എനിക്ക് ഒപ്പം ഇപ്പോൾ നിൽക്കുന്നതെന്ന് തോന്നാറുണ്ട്. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്ന് അവർക്ക് അറിയാം- സാനിയ പറഞ്ഞു. നടിയുടെ വാക്കുകൾ ശരിയാണെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നു വ്യക്തമാകുന്നത് .