അമ്പലപ്പുഴ: മദ്യലഹരിയില്‍ അക്രമംകാട്ടിയ പെണ്‍കുട്ടിയെ പോലീസ് സംരക്ഷിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. പുന്നപ്ര പോലീസ് സ്‌റ്റേഷനു മുന്നിലാണ് ഇന്നലെ രാത്രി 8.30-ഓടെ നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായെത്തിയത്. നിരവധി കേസുകളിലുള്‍പ്പെട്ട പെണ്‍കുട്ടിയും യുവാവും ചേര്‍ന്ന് പുന്നപ്ര സിന്ദൂര ജംഗ്ഷനു തെക്കുവശം കട നടത്തുന്നയാളെയും വീട്ടമ്മയേയും മര്‍ദിച്ചിരുന്നു.
ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ലഹരിക്ക് അടിമയായ പെണ്‍കുട്ടി അക്രമിച്ചതായാണ് പരാതി. വിവരമറിഞ്ഞ് പുന്നപ്ര പോലീസ് എത്തിയെങ്കിലും പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന യുവാവിനെ മാത്രമാണ് കസ്റ്റഡിയിലെടുത്തത്. ഇതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. ഇതോടെ ഇവര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധവുമായെത്തുകയായിരുന്നു. തുടര്‍ന്ന് സൗത്ത് സിഐ രാജേഷിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുന്നപ്ര സ്‌റ്റേഷനിലെ എസ് ഐ സാമോനെ ലോഡ്ജില്‍വെച്ച് ആക്രമിച്ച സംഭവത്തില്‍ ഈ പെണ്‍കുട്ടിയുള്‍പ്പെട്ട സംഘമായിരുന്നു.