എരുമേലി: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകണമെന്നും സ്ഥലവും കിടപ്പാടവും തൊഴിലും ഉപജീവനവും നഷ്ടപ്പെടുന്നവർക്ക് സുസ്ഥിരമായ നഷ്ടപരിഹാര പാക്കേജ് നടപ്പാക്കണമെന്നും ഒമ്പതംഗ വിദഗ്ധ സമിതി. മണിമല, കാരിത്തോട് ഭാഗങ്ങളിലുള്ള കുറച്ചു വീടുകളെ പദ്ധതി പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിക്കണമെന്നും 108 വർഷം പഴക്കമുള്ള കാരിത്തോട് എൻഎംഎൽപി സ്കൂളിനെ പദ്ധതി പ്രദേശത്തിന്റെ പുറത്ത് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ശിപാർശ. എസ്റ്റേറ്റിലെ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി, ജുമാ മസ്ജിദ്, അമ്മൻകോവിൽ ക്ഷേത്രം, സെന്റ് ഗ്രിഗോറിയോസ് പള്ളി എന്നീ ആരാധനാലയങ്ങളും ശ്മശാനങ്ങളും മാറ്റി സ്ഥാപിക്കണം.
പ്രദേശത്തുള്ള അഞ്ച് കടകൾ, ഒരു റേഷൻകട, ഒരു ഡിസ്പെൻസറി എന്നിവയ്ക്കു നഷ്ടപരിഹാരം നൽകണമെന്നും എസ്റ്റേറ്റിലെ തൊഴിലാളികളുടെ ചികിത്സാച്ചെലവും നഷ്ടപരിഹാര പാക്കേജിൽ ഉൾപ്പെടുത്തണമെന്നും ശിപാർശയുണ്ട്. കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളിൽ അവരുടെ വിദ്യാഭ്യാസയോഗ്യത അനുസരിച്ച് വിമാനത്താവളത്തിൽ ജോലി നൽകണമെന്നും സമിതി നിർദേശിക്കുന്നു. പദ്ധതിയുടെ സാമൂഹികാഘാത പഠനം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച സാമൂഹികനീതി വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ പ്രതാപൻ ചെയർമാനായ വിദഗ്ധ സമിതിയാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.
പദ്ധതിക്കുവേണ്ടി ചെറുവള്ളി എസ്റ്റേറ്റ് മൊത്തമായും അനുബന്ധ സ്വകാര്യ സ്ഥലങ്ങളും സർക്കാർ ഏറ്റെടുക്കുന്നതിനോട് സമിതിയുടെ ശിപാർശയിൽ അനുകൂലിച്ചിട്ടുണ്ട്. എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോൾ കുടിയിറക്കപ്പെടുന്ന തൊഴിലാളികൾക്കും സ്വകാര്യ ഭൂമികൾ ഏറ്റെടുക്കുമ്പോൾ കിടപ്പാടവും ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്നവർക്കും സമഗ്രമായ പാക്കേജ് നടപ്പിലാക്കണം.
തൃക്കാക്കര ഭാരതമാതാ കോളജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്താണ് സമിതിയുടെ ശിപാർശ. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ പ്രദേശത്തിന്റെ സാമ്പത്തിക വളർച്ച അഭിവൃദ്ധിപ്പെടുമെന്നതിനാൽ നിലവിൽ നേരിടേണ്ടി വരുന്ന സാമൂഹികാഘാതങ്ങൾക്ക് അത് പരിഹാരമാകും.
സാമൂഹികാഘാതങ്ങളേക്കാൾ കൂടുതലാണ് വിമാനത്താവളമെന്നതിലൂടെ ലഭ്യമാകുന്ന നേട്ടങ്ങളെന്നാണ് സമിതിയുടെ വിലയിരുത്തൽ. പഞ്ചതീർഥ പരാശക്തി ക്ഷേത്രം, പൂവൻപാറമല ക്ഷേത്രം എന്നിവയുടെ കാര്യത്തിൽ ക്ഷേത്രം ഭാരവാഹികളുംവിശ്വാസികളുമായി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അപൂർവ ഇനമായ ചെറുവള്ളി കുള്ളൻ പശുക്കളുടെ പുനരധിവാസ പദ്ധതി നടപ്പാക്കണം.
ഒമ്പതംഗ സമിതിയിൽ ചെയർമാൻ സാമൂഹികനീതി വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ പ്രതാപനെ കൂടാതെ നിഷാ ജോജി നെൽസൺ (സോഷ്യോളജിസ്റ്റ്), ഡോ. പി. ഷഹവാസ് ഷെരീഫ് (സിഎംഎസ് കോളജ്, കോട്ടയം), ഡോ. പി.പി. നൗഷാദ് (എംജി സർവകലാശാല), ആർ. ഹരികുമാർ (മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ), എരുമേലി പഞ്ചായത്തംഗങ്ങളായ അനുശ്രീ സാബു, അനിത സന്തോഷ്, മണിമല പഞ്ചായത്തംഗങ്ങളായ റോസമ്മ ജോൺ, ബിനോയ് വർഗീസ് എന്നിവരാണ് അംഗങ്ങൾ.