തിരുവല്ല: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷന് വീണ്ടും അവഗണിക്കപ്പെട്ടു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനില്‍ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണയും ക്രമീകരണങ്ങളൊന്നുമുണ്ടാകില്ലെന്നുറപ്പായി.
ശബരിമല മണ്ഡല, മകരവിളക്കു കാലത്തെ സ്പെഷല്‍ ട്രെയിനുകളുടെ റിസര്‍വേഷനിലും തിരുവല്ല ഉള്‍പ്പെടാറില്ല. സ്പെഷല്‍ ട്രെയിനുകളെ സംബന്ധിച്ച തീരുമാനം നേരത്തെയുണ്ടാകണമെന്നും ഇവയുടെ റിസര്‍വേഷന്‍ തിരുവല്ലയിലേക്കും നടത്താന്‍ ക്രമീകരണം വേണമെന്നും നേരത്തെ ആവശ്യമുയര്‍ന്നിരുന്നതാണ്. എന്നാല്‍ സ്പെഷല്‍ ട്രെയിനുകള്‍ക്ക് കോട്ടയം കഴിഞ്ഞാല്‍ ചെങ്ങന്നൂര്‍ മാത്രമേ റിസര്‍വേഷന്‍ കേന്ദ്രമായി ഉണ്ടാകൂ.
തിരുവല്ലയില്‍ സ്റ്റോപ്പിലാത്ത ഏതാനും ട്രെയിനുകള്‍ക്ക് മണ്ഡല, മകരവിളക്കുകാലത്ത് സ്റ്റോപ്പ് അനുവദിക്കാറുണ്ട്. എന്നാല്‍ ഇതംസംബന്ധിച്ച തീരുമാനവും വൈകിയാണുണ്ടാകുന്നത്. ജനശതാബ്ദി, ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ്, ദിബ്രുഗഡ് എക്സ്പ്രസ്, ഡെറാഡൂണ്‍ എക്സ്പ്രസ്, നിസാമുദ്ദീന്‍ പ്രതിവാര എക്സ്പ്രസ്, കൊച്ചുവേളി – യശ്വന്ത്പൂര്‍ എന്നിവയ്ക്കാണ് കഴിഞ്ഞവര്‍ഷം താത്കാലിക സ്റ്റോപ്പുകള്‍ അനുവദിച്ചത്. ഇതില്‍ യശ്വന്ത്പൂര്‍ ട്രെയിനിന്റെ സ്റ്റോപ്പ് പിന്നീട് സ്ഥിരപ്പെട്ടു.
ചെങ്ങന്നൂര്‍ മുതല്‍ തിരുവല്ല വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ തിരുവല്ലയുടെ വികസനരംഗത്ത് പ്രതീക്ഷകള്‍ ഏറെയുണ്ടായെങ്കിലും എല്ലാ പ്രഖ്യാപനത്തിലൊതുങ്ങിയിരിക്കുകയാണ്. പൂര്‍ണമായ റൂഫിംഗ് ഇല്ലാത്ത പ്ലാറ്റ്ഫോമുകളാണ് പ്രധാന പ്രശ്നം. ട്രെയിനുകള്‍ ഏറെയെത്തുന്ന രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകള്‍ക്കാണ് ദുരിതം. രണ്ട് പ്ലാറ്റ്ഫോമുകളില്‍ നിന്നും ട്രെയിന്‍ കയറാനും ഇറങ്ങാനും മഴയാണെങ്കില്‍ നനയണം. പ്രധാന കവാടം ഒന്നാം പ്ലാറ്റ്ഫോമിലായതിനാല്‍ യാത്രക്കാര്‍ ഓവര്‍ബ്രിഡ്ജ് കയറിയിറങ്ങണം. എക്സകലേറ്റര്‍ നിര്‍ദേശം നടപടികളില്‍ കുടങ്ങിക്കിടക്കുകയാണ്.
റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് ബസ് സര്‍വീസ് എന്ന ആവശ്യവും നടപ്പായിട്ടില്ല. ശബരിമല തീര്‍ഥാടനകാലത്ത് പമ്പയിലേക്ക് ഇവിടെനിന്ന് ബസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ കെഎസ്ആര്‍ടിസി തയാറാണെങ്കിലും അയ്യപ്പഭക്തരെ തിരുവല്ലയില്‍ ഇറക്കുന്നതിനോടു റെയില്‍വേയ്ക്കും താത്പര്യമില്ല. തിരുവല്ല സ്റ്റേഷന് പരിസരത്തെ ഓട്ടോറിക്ഷ പ്രീ പെയ്ഡ് കൗണ്ടര്‍ പകല്‍ മാത്രമാണുള്ളത്. സന്ധ്യ കഴിഞ്ഞ് സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഹൃസ്വദൂര യാത്രയ്ക്ക് ഓട്ടോറിക്ഷ ലഭിക്കാറില്ല.
പാര്‍ക്കിംഗ് ഏരിയ മെച്ചപ്പെടുത്താനുള്ള നടപടികളും പൂര്‍ത്തീകരിച്ചിട്ടില്ല. ഇതിനിടെ നാലാം നമ്പര്‍ പ്ലാറ്റ്ഫോം ചരക്കുവണ്ടികള്‍ക്കു വിട്ടുനല്‍കിയതും സിമന്റ് വാഗണുകള്‍ എത്തുന്നതും പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുകയാണ്. വിവാദങ്ങള്‍ക്കു പിന്നാലെ പായുമ്പോഴും സ്റ്റേഷന് വികസനം സംബന്ധിച്ച ക്രിയാത്മക ചര്‍ച്ചകളുണ്ടാകുന്നില്ല.