തൃശൂർ: സംസ്ഥാനത്ത് തുടർഭരണം കിട്ടണമെങ്കിൽ സർക്കാരിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും മന്ത്രിമാർ കുറേക്കൂടി ജനപക്ഷത്തു നിന്ന് പ്രവർത്തിക്കണമെന്നും സിപിഎം തൃശൂർ ജില്ല സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമർശനിർദ്ദേശം.
ആദ്യ ടേമിലെ പിണറായി സർക്കാർ നേടിയ ജനപിന്തുണ രണ്ടാം തവണ ഭരണത്തിലേറിയ പിണറായി സർക്കാരിന് നേടാനായില്ലെന്നും എതിർപ്പുകളും വിമർശനങ്ങളുമാണ് ഈ സർക്കാരിന് കൂടുതലായും നേരിടേണ്ടി വന്നതെന്നും സമ്മേളനപ്രതിനിധികളിൽ പലരും ഓർമിപ്പിച്ചു.
കരുവന്നൂർ വിഷയം ആദ്യത്തേക്കാൾ കുറേയൊക്കെ പരിഹരിക്കാൻ കഴിഞ്ഞ സാഹചര്യത്തിൽ ഇനി കരുവന്നൂരിനെ ഉപയോഗിക്കേണ്ടത് ആ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാകണമെന്നും അഭിപ്രായമുയർന്നു. ഇപ്പോഴും പ്രതിപക്ഷം ഇടതുപക്ഷത്തെ കരുവന്നൂരിന്റെ പ്രതിക്കൂട്ടിൽ നിർത്തുന്പോൾ അതിനെ കണ്ടില്ലെന്ന് നടിച്ച് എല്ലാം ശരിയാകുന്നു എന്ന രീതിയിൽ മുന്നോട്ടുപോകണമെന്നും നിർദ്ദേശമുണ്ടായി.
കരുവന്നൂർ നാണക്കേടിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷം നടത്തിയതെന്നും ഇത് കാണാതെ പോകരുതെന്നും ഒരു വിഭാഗം ഓർമിപ്പിച്ചു. എന്നാൽ മറ്റു സഹകരണബാങ്കുകളിൽ ഉണ്ടായ ക്രമക്കേടുകൾ ജില്ലയിൽ പാർട്ടിക്ക് വലിയ തലവേദനയാണെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ജില്ല നേതൃത്വത്തിനുണ്ടാകണമെന്നും നിർദ്ദേശം വന്നു.
കരുവന്നൂരും ഇഡിയും എല്ലാം ജില്ലയിലെ സഹകരണബാങ്കുകൾക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുന്നതിനാൽ സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്കു പോലും സഹകരണബാങ്കുകൾ ഇപ്പോൾ അപ്രാപ്യമാകുന്ന സ്ഥിതിയുണ്ടെന്നും ചിലർ പറഞ്ഞു.
കരുവന്നൂരിൽ ഇഡി വേട്ട തുടങ്ങിയപ്പോൾ പാർട്ടി പ്രസ്താവനകൾ മാത്രമിറക്കി ദുർബല പ്രതിരോധം തീർത്തതിനെതിരെയും കുറ്റപ്പെടുത്തലുണ്ടായി.
ഇടതുസർക്കാരിന്റെ പ്രകടനപത്രിക വെറും വാഗ്ദാനമായി മാറുന്നത് മറ്റു പാർട്ടികളുമായി ഇടതിന് വ്യത്യാസമില്ലെന്ന് പൊതുജനങ്ങൾക്ക് തോന്നുന്നതിന് ഇടയാക്കിയെന്ന വിമർശനവുമുയർന്നു. വീട്ടമ്മമാർക്ക് പെൻഷൻ നൽകാമെന്ന പ്രകടനപത്രിക വാഗ്ദാനം പൊള്ളയായ വാഗ്ദാനം മാത്രമായി അവശേഷിക്കുകയാണെന്ന് സമ്മേളനത്തിലെ പ്രതിനിധികളിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടി.