തളിപ്പറമ്പ്: ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കാണാതായ സംഭവത്തില്‍ വാട്സാപ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞതിന് യുവാവിനെയും അമ്മയെയും രണ്ടംഗസംഘം വീട്ടില്‍കയറി ആക്രമിച്ചു.
വെള്ളാവ് പേക്കാട്ട്വയലിലെ വടേശ്വരത്ത് വീട്ടില്‍ എം.വി. ജയേഷ് (43), അമ്മ ശകുന്തള(60) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്കി.
തൈകക്കല്‍ ഭഗവതിക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ആശംസാബോര്‍ഡാണ് കാണാതായത്. ഇത് സംബന്ധിച്ച് വാട്സാപ് ഗ്രൂപ്പ് ചര്‍ച്ചയില്‍ ജയേഷ് അഭിപ്രായം പറഞ്ഞതിനാണ് മർദനം.
ഇന്നലെ വൈകുന്നേരം 6.40ന് കെ.വി. പ്രവീണ്‍, ഒ.കെ. വിജയന് എന്നിവരാണ് ഇരുവരെയും ആക്രമിച്ചത്.തളിപ്പറമ്പ് പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തു.