കൊച്ചി: പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണന് തട്ടിപ്പിലൂടെ സമാഹരിച്ച പണത്തില്‍ നല്ലൊരു പങ്കും ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്. ഇയാളുടെ ബാങ്ക് അക്കൗണ്ട് രേഖകളിൽനിന്നാണ് ഇതു വ്യക്തമാകുന്നത്. തട്ടിപ്പിലൂടെ സമാഹരിച്ച പണം അനന്തുവിന്റെ തട്ടിക്കൂട്ട് കമ്പനിയായ സോഷ്യല്‍ ബീ വെഞ്ചേഴ്സിന്റെ അക്കൗണ്ടിലേക്കു മാറ്റിയശേഷമാണ് ഇയാള്‍ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചത്.
വിമാനയാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസത്തിനുമായി കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം അനന്തു ചെലവിട്ടത് ഏഴു ലക്ഷത്തിലേറെ രൂപയാണ്.എറണാകുളം പനമ്പിള്ളി നഗറിലുളള കോട്ടക് മഹീന്ദ്ര ബാങ്കില്‍ അനന്തു കൃഷ്ണന് നേരിട്ടു കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടിന്റെ ഡിസംബറിലെ മാത്രം കണക്കുകൾ ഞെട്ടിക്കുന്നത്.
ഡിസംബര്‍ ഒന്നിനും 31 നും ഇടയില്‍ അനന്തു വിമാനയാത്രയ്ക്കായി മാത്രം ചെലവാക്കിയത് 3,38,137 രൂപയാണ്. ഡല്‍ഹി- കൊച്ചി റൂട്ടിലായിരുന്നു യാത്രകൾ. ആറു തവണയാണ് ഡല്‍ഹിക്കും കൊച്ചിക്കുമിടയില്‍ അനന്തു പറന്നത്. മറ്റാരെങ്കിലും ഡല്‍ഹിയിലേക്കുള്ള യാത്രകളില്‍ അനന്തുവിന് ഒപ്പമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.
അനന്തുവിന്റെ ഡല്‍ഹിയിലെ താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു എന്നതിന്റെ തെളിവും ബാങ്ക് സ്റ്റേറ്റ്മെന്റില്‍ ഉണ്ട്. ഏറ്റവും കുറഞ്ഞ മുറിക്ക് 25,000 രൂപ വാടകയുള്ള ഹോട്ടലില്‍ ഡിസംബറിൽ നാലു ദിവസമെങ്കിലും താമസിച്ചു.
ആകെ ചെലവായത് 3,66,183 രൂപ. ഡല്‍ഹിയിലെ ലളിത് ഹോട്ടലില്‍ മാത്രം ഒരു ദിവസം 1,97,000 ചെലവിട്ടതായും രേഖകളിലുണ്ട്. കേരളത്തിലും ഒന്നിലേറെ തവണ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പതിനായിരക്കണക്കിന് രൂപ അനന്തു ചെലവഴിച്ചതായാണ് കണക്കുകള്‍. ഏകദേശം 21 അക്കൗണ്ടുകള്‍ അനന്തു കൈകാര്യം ചെയ്തിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.