തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾക്കായി പരീക്ഷയും അഭിമുഖവും നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത്തരത്തിൽ പ്രവേശന പരീക്ഷ നടത്തുന്നത് ബാലപീഡനമാണ്.
ഒന്നാം ക്ലാസ് പ്രവേശനത്തിന് വിദ്യാർഥികളെയോ രക്ഷകർത്താക്കളേയോ അഭിമുഖം നടത്താൻ പാടില്ലെന്നും ഇത്തരം സംഭവമുണ്ടായാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ പേരിലുള്ള ഫീസുകളും അധ്യാപകരുടെ ജന്മദിനം പോലുള്ള ദിവസങ്ങളിലും ചില വിദ്യാലയങ്ങളിൽ സമ്മാനങ്ങൾ നൽകുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം കേന്ദ്ര സർക്കാർ ഒന്നാം ക്ലാസിൽ വിദ്യാർഥി പ്രവേശനത്തിനായി ആറു വയസാണ് നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ സംസ്ഥാന സർക്കാർ ഒന്നാം ക്ലാസിൽ കുട്ടികൾക്ക് പ്രവേശനത്തിനായി അഞ്ചു വയസാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് പരിശോധിച്ച് സംസ്ഥാനം ഏത് മാർഗം സ്വീകരിക്കണമെന്ന് ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.