ചെന്നൈ: സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഒട്ടേറെ യുവതികളിൽനിന്നു പണം തട്ടിയ കേസിൽ ബിജെപിയുടെ യുവനേതാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ (24)യാണ് താംബരം പോലീസ് അറസ്റ്റുചെയ്തത്.
ഇയാളുടെ ലാപ്ടോപ്, ഫോൺ എന്നിവയിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നെന്നും ഇവ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണു സ്ത്രീകളിൽനിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതെന്നും പോലീസ് പറഞ്ഞു.
ആന്ധ്ര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തിയശേഷം തന്റെ പക്കൽനിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതിക്കാരി പറയുന്നു. യുവതികളിൽനിന്നു തട്ടിയെടുത്ത പണവും സ്വർണാഭരണങ്ങളും ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തിയെന്നും ആഡംബര കാർ വാങ്ങിയെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. തമിഴരശനെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.